തിരുവനന്തപുരം: പ്രളയം സർക്കാർ സൃഷ്ടിയാണെന്ന് ആവർത്തിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ തളളിക്കളഞ്ഞും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമുകൾ തുറന്നപ്പോൾ കൃത്യമായ മുന്നറിയിപ്പുകൾ നൽകിയില്ല. ചെറുതോണി ഒഴികെ മറ്റൊരിടത്തും മുന്നറിയിപ്പ് കൃത്യമായിരുന്നില്ല. രാത്രി ഒരു മണിക്കാണ് റാന്നിയിൽ മുന്നറിയിപ്പ് നൽകിയത്. ഡാമുകൾ കൂട്ടത്തോടെ തുറന്നുവിട്ടത് പ്രളയത്തിന്റെ വ്യാപ്തി വർധിപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു..

ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിലും സർക്കാരിന് വീഴ്ച പറ്റി. ആളുകളെ ഒഴിപ്പിക്കാതെ അണക്കെട്ടുകൾ തുറന്നുവിട്ടു. കേന്ദ്ര ജല കമ്മിഷന്റെ നിർദ്ദേശങ്ങളും മുഖവിലയ്ക്കെടുത്തില്ല. പല വീടുകളിലും വെളളം കയറിയത് അർധരാത്രിയിലാണ്. മന്ത്രിമാർ തമ്മിൽ തർക്കം ഡാമുകൾ തുറക്കുന്നത് വൈകിപ്പിച്ചു. എം.എം.മണിയും മാത്യു ടി.തോമസും തമ്മിലാണ് തർക്കമുണ്ടായത്.

ബാണാസുര ഡാം തുറന്നുവിട്ടതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. വയനാട്ടിൽനിന്നുളള ജനപ്രതിനിധികൾ ഇതിനെ എതിർക്കുന്നുണ്ട്. ചീഫ് സെക്രട്ടറിയും വീഴ്ച തുറന്ന് സമ്മതിച്ചിട്ടുണ്ട്. ചാലക്കുടിയിലും കുട്ടനാട്ടിലും സർക്കാരിന് വീഴ്ച പറ്റിയതിൽ തെളിവുണ്ട്.

വീഴ്ചകളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സർക്കാരിനുമാണ്. വീഴ്ച മറച്ചുവയ്ക്കാൻ മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആയുധമാക്കുകയാണ്. ഉത്തരവാദിത്തത്തിൽനിന്നും മുഖ്യമന്ത്രിക്ക് ഒളിച്ചോടാനാവില്ല. ലക്ഷക്കണക്കിന് വരുന്ന ജനങ്ങളെ ക്യാമ്പുകളിൽ എത്തിച്ചതിന്റെ ഉത്തരവാദിത്തതിൽനിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാവില്ല.

വിമർശനമല്ല, വസ്തുതാപരമായ കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം സജീവമായി പങ്കെടുത്തിട്ടുണ്ട്. തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ ധർമ്മമെന്നും ചെന്നിത്തല പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ