തിരുവനന്തപുരം: ഉത്രാട ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സർക്കാരിന്റെ നൂറുദിന കർമപരിപാടി തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല പ്രഖ്യാപനങ്ങളും ഇപ്പോൾ നടക്കുന്നത് തന്നെയാണെന്നും എന്തിനാണ് തിടുക്കപ്പെട്ട് ഇങ്ങനെയൊരു പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതെന്നും ചെന്നിത്തല. മുഖ്യമന്ത്രി പ്രഖ്യാപിച്ച പല പരിപാടികളും അഞ്ഞൂറ് ദിവസം കിട്ടിയാലും തീരില്ല. പല പദ്ധതികളും പേരിൽ മാത്രം ഒതുങ്ങിയതാണെന്നും ചെന്നിത്തല ആരോപിച്ചു.

ലഹരിമരുന്ന്-സ്വർണക്കടത്ത് ബന്ധം അന്വേഷിക്കണമെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വർണകള്ളക്കടത്ത് കേസിലെ പ്രതികളും മയക്കുമരുന്ന് കേസിലെ പ്രതികളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മയക്കുമരുന്ന് കടത്തും വിതരണവും കേരള പൊലീസിലെ നാർകോട്ടിക് സെൽ അന്വേഷിക്കണം.

വെഞ്ഞാറമൂട് ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എംപിയുടെ പേര് വലിച്ചിഴക്കുന്നതിനെതിരെയും ചെന്നിത്തല രംഗത്തെത്തി. വെഞ്ഞാറമൂട് ഇരട്ടക്കൊലയുടെ പേരിൽ സംസ്ഥാനത്താകമാനം കോൺഗ്രസിന്റെ ഓഫീസുകൾ നശിപ്പിക്കാനും കോൺഗ്രസിനെ അടിച്ചമർത്താനുമാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനു മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ട്. കോൺഗ്രസിനെ അടിച്ചമർത്താമെന്ന് ആരും വിചാരിക്കേണ്ട.

Read Also: ഓണം ക്ലസ്റ്ററിനു സാധ്യത, രോഗവ്യാപനം അതിരൂക്ഷമാകും; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാണ്. ടെസ്റ്റുകളുടെ എണ്ണം കുറച്ച് കാണിച്ച് രോഗികളുടെ എണ്ണം കുറവാണെന്ന് വരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് നേരത്തെ അറിയുന്നതാണ്. സർക്കാർ പിആർ വർക്ക് ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.