/indian-express-malayalam/media/media_files/uploads/2018/09/Ramesh-Chennithala.jpg)
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ താറുമാറായെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
"സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് വർധിപ്പിക്കണം. നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണം. വിദേശത്ത് മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ സർക്കാർ ധനസഹായം നൽകണം. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൂർണ പരാജയമായിരുന്നു. എന്നാൽ, കെഎംസിസി പോലുള്ള സംഘടനകൾ നടത്തിയ ക്രിയാത്‌മകമായ ഇടപെടലുകളാണ് പ്രവാസികൾക്ക് തുണയായത്. ഇത്തരം സംഘടനകളെ അഭിനന്ദിക്കുന്നു," ചെന്നിത്തല പറഞ്ഞു.
Read Also: ക്വാറന്റൈനിൽ കഴിയുന്ന യുവാവിന്റെ വീടിനു നേരെ ആക്രമണം; വാതിലും ജനൽചില്ലുകളും തകർത്തു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. "കോവിഡ് പ്രോട്ടോകോൾ എല്ലാവരും അനുസരിക്കണം. പലയിടത്തും യുഡിഎഫ്, കോൺഗ്രസ് പ്രതിഷേധ സമരങ്ങളും പ്രകടനങ്ങളും നടക്കുന്നുണ്ട്. പ്രതിഷേധ പരിപാടികളിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പ്രവർത്തകർ അണിനിരക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എല്ലാ യുഡിഎഫ് പ്രവർത്തകരോടും കോവിഡ് പ്രോട്ടോകോൾ അനുസരിക്കാൻ ആവശ്യപ്പെടുകയാണ്." ചെന്നിത്തല പറഞ്ഞു.
അതേസമയം, കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയതുമായി ബന്ധപ്പെട്ടും ചെന്നിത്തല വിശദീകരിച്ചു. "ജോസ് കെ.മാണി വിഭാഗം യുഡിഎഫ് തീരുമാനം അംഗീകരിച്ചാൽ സാധാരണ രീതിയിൽ മുന്നണിയിലുണ്ടാകും. യുഡിഎഫിൽ നിന്ന് ആരെയും പുറത്താക്കിയിട്ടില്ല. മുന്നണി തീരുമാനം അംഗീകരിക്കാത്ത സാഹചര്യത്തിൽ ജോസ് കെ.മാണി വിഭാഗത്തെ മാറ്റിനിർത്തുക മാത്രമാണ് ചെയ്‌തത്. കേരള കോൺഗ്രസ് (എം) ഇപ്പോഴും യുഡിഎഫ് മുന്നണിയുടെ അവിഭാജ്യഘടകമാണ്. കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള മുന്നണിയാണ് യുഡിഎഫ്. മുന്നണി തീരുമാനം അംഗീകരിച്ചാൽ ജോസ് കെ.മാണി വിഭാഗം തിരിച്ചുവരും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി അവിശ്വാസപ്രമേയം കൊണ്ടുവരുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല." ചെന്നിത്തല കൂട്ടിച്ചേർത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.