തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൺസൾട്ടൻസി കമ്പനിയായി തിരഞ്ഞെടുത്ത പ്രെെസ് വാട്ടർ കൂപ്പേഴ്‌സ് ഓഫീസ് സെക്രട്ടറിയേറ്റിൽ തുറക്കാൻ നീക്കം നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു. ഈ നീക്കത്തെ ഗതാഗതമന്ത്രി എതിർക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രെെസ് വാട്ടർ കൂപ്പേഴ്‌സ് ഓഫീസിനു ധനവകുപ്പ് അനുമതി നൽകി കഴിഞ്ഞതായും ചെന്നിത്തല ആരോപിച്ചു.

“നടപടിക്രമങ്ങൾ പാലിക്കാതെയാണ് മുഖ്യമന്ത്രി പ്രെെസ് വാട്ടർ കൂപ്പേഴ്‌സ് കമ്പനിക്ക് കൺസൾട്ടൻസി നൽകിയിരിക്കുന്നത്. എന്തുകൊണ്ട് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. ‘ശാസ്ത്രീയമായി അഴിമതി നടത്തുക, തന്മയത്തത്തോടെ അത് മൂടിവയ്‌ക്കുക’ എന്ന നയമാണ് സർക്കാരിന്റേത്. പ്രതിപക്ഷത്തെ വികസന വിരോധികളായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാൽ, എല്ലാകാലത്തും കേരളത്തിലെ വികസനത്തിനെതിരെ നിന്നിട്ടുള്ളവരാണ് സിപിഎം. നാടുമുഴുവൻ കൺസൾട്ടൻസികളെ കൊണ്ട് നിറച്ച് കടുംവെട്ട് വെട്ടുകയാണ് മുഖ്യമന്ത്രി.” ചെന്നിത്തല പറഞ്ഞു.

Read Also: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിനെതിരെ വിമർശനം ശക്തം; പിന്തുണച്ചും നിരവധിപേർ

അതേസമയം, ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ഇന്നലെ മറുപടി നൽകിയിരുന്നു. ഫയലിന്റെ ഒരു ഭാഗം മാത്രം വായിച്ച് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. “പ്രതിപക്ഷ നേതാവ് തെറ്റായ കാര്യങ്ങളാണ് പറയുന്നത്. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉറപ്പ് വേണം. ആരെങ്കിലും പറയുന്നതുകേട്ട് വിലപ്പെട്ട സമയം പാഴാക്കരുത്,” ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

“പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം. ഇന്നലെ അദ്ദേഹം പറഞ്ഞത് ചീഫ് സെക്രട്ടറി പറഞ്ഞതുകൊണ്ടാണ് കരാറിലേക്ക് പോകാത്തത് എന്നാണ്. അത് സമർത്ഥിക്കാൻ ഫയലിന്റെ ഒരു ഭാഗവും കാണിച്ചു. ഒരു ഭാഗം മാത്രം കാണിച്ചാൽ പോര. ഫയലിന്റെ ഒരു ഭാഗം ഒഴിവാക്കിയാണ് ആരോപണം ഉന്നയിച്ചത്. ഫയലിന്റെ മുൻപും പിൻപും ഉള്ളത് പ്രതിപക്ഷ നേതാവ് വായിക്കണം. കയ്യിലുള്ള ഫയൽ മനസിരുത്തി വായിക്കാൻ പ്രതിപക്ഷ നേതാവ് ശ്രദ്ധിക്കണം. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണമെന്നും അഭിപ്രായം രേഖപ്പെടുത്തണമെന്നും ആ രേഖയിൽ മുഖ്യമന്ത്രി കുറിച്ചിരുന്നത് പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. അതു പറയാതെയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ രേഖകൾ തനിയെ പോയതല്ലല്ലോ,” മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.