തിരുവനന്തപുരം:എ.ഐ. ക്യാമറയുടെ മറവില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആശ്ചര്യപ്പെടുത്തുന്നതെന്നും രമേശ് ചെന്നിത്തല. സേഫ് കേരള പദ്ധതിയിലെ അഴിമതിയെ തെളിവ് സഹിതം തുറന്നു കാട്ടിയിട്ടും മൗനം പാലിച്ചിരുന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ആരേയും ആശ്ചര്യപ്പെടുത്തുന്നതാണ്. എല്ലാം ദുരാരോപണങ്ങളെന്ന് പറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രി ഇത്രയും ദുര്‍ബലമായി മുന്‍പൊന്നും പ്രതികരിച്ചു കണ്ടിട്ടില്ല. ഇടപാടില്‍ സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചുവെച്ചിരുന്ന രേഖകള്‍ പുറത്തുകൊണ്ടുവരുന്നതെങ്ങനെ കെട്ടിച്ചമയ്ക്കലാകുമെന്നും ചെന്നിത്തല മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചോദിച്ചു.
പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നും കെട്ടിച്ചമച്ചിട്ടില്ല. ഈ ഇടപാടില്‍ സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചു വച്ചിരുന്ന രേഖകള്‍ ഒന്നൊന്നായി പുറത്തു കൊണ്ടു വരുന്നതെങ്ങനെ കെട്ടിച്ചമയ്ക്കലാവും? സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കുറച്ച് കറക്ക് കമ്പനികളെ വച്ച് നടത്തിയ വന്‍കൊള്ളയുടെ രേഖകളാണ് പ്രതിപക്ഷം പുറത്തു കൊണ്ടു വന്നത്. അവ വസ്തുതാപരമായതിനാലാണ് മാദ്ധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും അവര്‍ സ്വന്തം നിലയില്‍ അന്വേഷിച്ച് കൂടുതല്‍ വിവരങ്ങളും രേഖകളും പുറത്തു കൊണ്ടു വരികയും ചെയ്തത്. എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടത്തിയ തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തു വരുമ്പോള്‍ അവ കെട്ടിച്ചമച്ചതാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല. പ്രതിപക്ഷവും മാദ്ധ്യമങ്ങളും പുറത്തു കൊണ്ടു വന്ന രേഖകളിന്മേല്‍ വ്യക്തമായി മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ട്. പുറത്ത് വന്ന വസ്തുതകളില്‍ ഒന്നെങ്കിലും തെറ്റാണെന്ന് സ്ഥാപിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ? ഇനി പുറത്തു വന്ന രേഖകള്‍ താങ്കള്‍ പറയുന്നതു പോലെ കെട്ടിച്ചമച്ചതാണെങ്കില്‍ ഒറിജിനല്‍ രേഖകള്‍ പുറത്തു വിടാന്‍ തയ്യാറാണോ എന്ന് ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു
മുന്‍പൊക്കെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഒരു മണിക്കൂര്‍ പത്രസമ്മേളനം നടത്തി വാചക കസര്‍ത്തു നടത്തുകയും സ്വന്തക്കാരായ പത്രക്കാരെക്കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പിച്ച് മറുപടി പറയുകയും ചെയ്യുന്ന താങ്കളുടെ ശൗര്യം ഇപ്പോള്‍ എവിടെപ്പോയി? ഇവിടെ എ.ഐ ക്യാമറയിലെ അഴിമതി പൊതു സമൂഹത്തിന് മുന്നില്‍ പകല്‍ പോലെ വ്യക്തമായതിനാലാണ് മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടിയിരിക്കുന്നത്. സ്വയം സംസാരിക്കുന്ന രേഖകളാണ് പുറത്തു വന്നിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
‘പ്രാസാദിയോയ്ക്ക് പാർട്ടിയുമായി എന്താണെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാണോ? ബന്ധുക്കളുമായി ഈ കമ്പനിക്ക് ബന്ധമില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്കാകുമോ? കാര്യമായ ജോലിയൊന്നും ചെയ്യാതെ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60%-വും പ്രസാദിയോ കൈക്കലാക്കുന്നതിന്റെ ഗുട്ടൻസ് വിശദീകരിക്കാനവുമോ? അഞ്ചു വർഷം മുൻപ് മാത്രം
രൂപീകരിച്ച പ്രസാദിയോക്ക് സർക്കാരിന്റെ കരാറുകളെല്ലാം കിട്ടുന്ന മറിമായം എങ്ങനെ സംഭവിച്ചു? പൊടുന്നനെ പ്രസാദിയോ എങ്ങനെ ഇത്രയും വളർന്നു വലുതായി? എ.ഐ ക്യാമറ പദ്ധതിയിൽ ആകെ ചിലവ് വേണ്ടി വരുന്ന 58 കോടി കഴിച്ചുള്ള തുക ആരുടെയൊക്കെ കീശയിലേക്കാണ് പോകുന്നത്? ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. എല്ലാം കെട്ടിച്ചമച്ചതാണെന്നും അത് ഏശില്ലെന്നും പറഞ്ഞ് രക്ഷപ്പെടാം എന്ന് കരുതേണ്ടതില്ല.
പൊതു ജനങ്ങളുടെ പണമാണ് കൊള്ളയടിക്കപ്പെടുന്നത്. ഏറ്റവും ഒടുവിൽ ഒരു കാര്യത്തിലെങ്കിലും മുഖ്യമന്ത്രി മറുപടി പറയണം. ഇവിടെ വച്ചിരിക്കുന്ന ക്യാമറകൾ ശരിക്കും എ.ഐ ക്യാമറകളാണോ? അതോ അഴിമതി ക്യാമറകളോ? ഈ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് നേരത്തെ തന്നെ കിട്ടിയ പരാതിയിൽ നടപടി എടുക്കാതെ അതിന്മേൽ അടയിരുന്ന് എല്ലാത്തിനും ഒത്താശ ചെയ്തുകൊടുത്ത വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെക്കൊണ്ട് അന്വേഷണം നടത്തിക്കുന്നത് വലിയ തമാശയാണ്. ഇത്തരം പൊടിക്കൈകൾ കൊണ്ട് അഴിമതിയെ മൂടി വെയ്ക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റിപ്പോയി എന്നേ പറയാനുള്ളൂ. ജനം എല്ലാം കാണുന്നുണ്ട് എന്ന് മുഖ്യമന്ത്രി ഓർക്കണമെന്ന് മാത്രം ഇപ്പോൾ പറയുന്നു’ ചെന്നിത്തല കത്തില്‍ പറഞ്ഞു.