തിരുവനന്തപുരം: കേരളം കണ്ടതില്‍ വച്ച് വലിയ തീവെട്ടിക്കൊള്ളയെന്ന് പൊലീസില്‍ നടക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അറിഞ്ഞാണ് തട്ടിപ്പുകളെല്ലാം നടക്കുന്നതെന്നും ഇതെല്ലാം കെൽട്രോണിനെ മുൻനിർത്തിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

വാഹനങ്ങള്‍ വാങ്ങിയതില്‍ ചീഫ് സെക്രട്ടറിയും കൂട്ടുകച്ചവടം നടത്തി. സര്‍ക്കാര്‍ തന്നെ ഡിജിപിയ്ക്ക് അവസരം ഒരുക്കുകയാണ്. ഡിജിപി നടത്തുന്ന എല്ലാ അഴിമതിക്കും ഉന്നത പിന്തുണയുണ്ട്. ആയുധ ഇടപാടിലെ അഴിമതി എൻഐഎയും സാമ്പത്തിക ഇടപാട് സിബിഐയും അന്വേഷിക്കണം. സിബിഐപോലുള്ള അന്വേഷണ ഏജന്‍സി അഴിമതിയുടെ തോത് അന്വേഷിക്കേണ്ടതുണ്ട്.

Read Also: ലോക കേരളസഭയുടെ പേരിൽ ധൂർത്ത്, ഭക്ഷണത്തിനു മാത്രം ചെലവായത് 60 ലക്ഷത്തോളം രൂപ

സിംസ് പദ്ധതിയുടെ നടത്തിപ്പുകാരായ ഗാലക്സോണ്‍ തട്ടിക്കൂട്ട് കമ്പനിയാണ്. ഭരണത്തിലുള്ളവർ ഈ ബിനാമി കമ്പനിക്ക് പിന്നിലുണ്ട്. പൊലീസും കെൽട്രോണും ഗാലക്സോണും ചേര്‍ന്ന് നഗ്നമായ അഴിമതി നടത്തുകയാണ്. വരും ദിവസങ്ങളിൽ ഇതിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും.

പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ ഗാലക്സോണിന് ഓഫീസൊരുക്കിയത് സുരക്ഷാ വീഴ്ചയാണ്. അഴിമതി മൂടിവയ്ക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി ശ്രമിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ ഏതൊരു കുറ്റവാളിയും പറയുന്ന ന്യായീകരണങ്ങൾ മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.