കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽനിന്നും തന്നെ ഒഴിവാക്കിയതിൽ ഇടഞ്ഞു നിൽക്കുന്ന കെ.വി.തോമസുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. കെവി തോമസിനെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഫോണില്‍ വിളിച്ച് സംസാരിച്ചു. അഹമ്മദ് പട്ടേലും കെ.വി.തോമസിനെ സന്ദര്‍ശിക്കും. എന്നാല്‍ കെ.വി.തോമസ് അനുകൂലമായ നിലപാട് എടുത്തിട്ടില്ല.

വീട്ടിലെത്തിയ രമേശ് ചെന്നിത്തലയോട് ക്ഷുഭിതനായാണ് തോമസ് പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒരു ഓഫറും മുന്നോട്ട് വയ്ക്കേണ്ടെന്നും എന്തിനാണ് ഈ നാടകമെന്നും തോമസ് ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ആത്മവിശ്വാസത്തോടെയാണ് ചെന്നിത്തല പ്രതികരിച്ചത്. കെ.വി.തോമസ് കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണെന്നും അദ്ദേഹം ഇനിയും കോണ്‍ഗ്രസിന് വേണ്ടി നിലകൊളളുമെന്നാണ് വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു.

Read: ‘കെ.വി.തോമസ് ബിജെപിയിലേക്ക് പോകുമോ?’; പ്രതികരണവുമായി ഉമ്മൻ ചാണ്ടി

താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നപ്പോൾ കെ.വി.തോമസ് പ്രതികരിച്ചത്. അദ്ദേഹം ഇന്ന് സോണിയ ഗാന്ധിയെ കാണും. ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട്, വടകര മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്നാണ് പ്രഖ്യാപിക്കുക. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും മാവേലിക്കരയിൽ കൊടിക്കുന്നില്‍ സുരേഷും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മത്സരിക്കാനാണ് സാധ്യത. ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മത്സരിക്കും.

ചാലക്കുടിയില്‍ ബെന്നി ബെഹനാനും, കാസർഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താനും പാലക്കാട് വി.കെ.ശ്രീകണ്ഠനും തൃശൂരില്‍ ടി.എന്‍.പ്രതാപനും പത്തനം തിട്ടയില്‍ ആന്റോ ആന്റണിയും സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂര്‍ തന്നെയാകും മത്സരിക്കുക. കണ്ണൂരില്‍ കെ.സുധാകരനും കോഴിക്കോട് എം.കെ.രാഘവനും ആലത്തൂരില്‍ രമ്യ ഹരിദാസും സ്ഥാനാര്‍ത്ഥികളാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.