തിരുവനന്തപുരം: മനുഷ്യത്വത്തിന്റെ കണികയെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍, ആർദ്രത അല്പമെങ്കിലും ഉണ്ടെങ്കില്‍ ദുരഭിമാനം മാറ്റി വച്ച് മഹിജയുടെയും മകളുടെയും സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് പ്രതിപക്ഷ നേതാവ് ഈ​ ആവശ്യം ഉന്നയിച്ചത്. ഇന്ന് അങ്ങയുടെ സർക്കാരിന്റെ പത്രപരസ്യം കണ്ടപ്പോൾ ഞെട്ടിപ്പോയി. എന്തിനാണ് ഇങ്ങനെ പച്ചക്കളളം പറഞ്ഞ് പൊലീസിനെ ന്യായികരിക്കുന്നത്. എത്രയോ തവണ പൊലീസിന്റെ മര്‍ദ്ദനമേറ്റയാളാണ് അങ്ങ്. അതിന്റെ പാടുകള്‍ ഇന്നും അങ്ങയുടെ ശരീരത്തിലുണ്ടല്ലോ? അന്നും അങ്ങയെ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാടാണല്ലോ പൊലീസ് എടുത്തത്. അങ്ങ് അത് മറന്ന് പോയോ?

കത്തിന്റെ പൂർണ രൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,

മകന്‍ നഷ്ടപ്പെട്ട ഒരമ്മ നീതി ചോദിച്ച് എത്തിയപ്പോഴുണ്ടായ ക്രൂരമായ പൊലീസ് അതിക്രമത്തെ ന്യായീകരിച്ചു കൊണ്ട് ഇന്ന് അങ്ങയുടെ സര്‍ക്കാര്‍ പത്രങ്ങളില്‍ നല്‍കിയ പരസ്യം വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്തിനാണ് അങ്ങ് ഇങ്ങനെ പച്ചക്കള്ളം പറഞ്ഞ് പൊലീസിനെ ന്യായീകരിക്കുന്നത്? ജിഷ്ണുവിന്റെ അമ്മയെ പൊലീസ് നിലത്തിട്ട് വലിച്ചിഴച്ചിട്ടില്ലെന്നാണ് പരസ്യത്തില്‍ പറയുന്നത്. ആ അമ്മയെ പൊലീസുകാര്‍ കൈനീട്ടി എഴുന്നേല്പിക്കുകയാണ് ചെയ്‌തെന്നും പരസ്യത്തില്‍ എഴുതിവച്ചിട്ടുണ്ട്. ലോകം മുഴുവന്‍ കണ്ട കാര്യത്തെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്. ആ അമ്മയെ പൊലീസ് ക്രൂരമായി വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലൈവായിട്ടാണ് ജനങ്ങള്‍ കണ്ടത്. മനസാക്ഷി മരവിച്ചിട്ടില്ലാത്ത ആര്‍ക്കും കണ്ടു കൊണ്ടിരിക്കാന്‍ കഴിയാത്ത ദൃശ്യങ്ങളാണവ. എന്നിട്ടും എന്തിനാണ് ആ അമ്മയുടെ സമരത്തെ അപഹസിക്കാനായി കള്ളം പ്രചരിപ്പിക്കുന്നത്.

അങ്ങ് വന്ന വഴിയൊക്കെ മറന്ന് പോയോ? സമരപോരാട്ടങ്ങളിലൂടെ ഉയര്‍ന്ന് വന്ന നേതാവല്ലേ അങ്ങ്? അങ്ങനെ ഒരാള്‍ മകന്‍ മരിച്ച ഒരമ്മയുടെ സമരത്തോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. എത്രയോ തവണ പൊലീസിന്റെ മര്‍ദ്ദനമേറ്റയാളാണ് അങ്ങ്. അതിന്റെ പാടുകള്‍ ഇന്നും അങ്ങയുടെ ശരീരത്തിലുണ്ടല്ലോ? അന്നും അങ്ങയെ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാടാണല്ലോ പൊലീസ് എടുത്തത്. അങ്ങ് അത് മറന്ന് പോയോ? 1977 മാര്‍ച്ചില്‍ പൊലീസ് മര്‍ദ്ദനമേറ്റ ശേഷം രക്തം പുരണ്ട വസ്ത്രങ്ങളുമായി അങ്ങ് നിയമസഭയില്‍ വന്ന സംഭവം ഞാന്‍ ഓര്‍ക്കുന്നു. ഊരിപ്പിടിച്ച വാളുകളുടെയും കത്തികളുടെയും ഇടയിലൂടെ തലയുയര്‍ത്തിപ്പിടിച്ച് നടന്നു പോയതിനെപ്പറ്റി അങ്ങ് ഈയിടെയും അഭിമാനം കൊണ്ടതാണല്ലോ? അങ്ങനെയുള്ള ഒരാള്‍ നിരാലംബയായ ഒരു സ്ത്രീയുടെ സമരത്തോട് ഇങ്ങനെയായിരുന്നോ പെരുമാറേണ്ടിയിരുന്നത്?

പൊലീസിന്റെ താലോലമേറ്റല്ല, മര്‍ദ്ദനത്തെ അതിജീവിച്ചാണ് തങ്ങള്‍ വളര്‍ന്നതെന്ന ഊറ്റം കൊള്ളുന്നവരാണല്ലോ കമ്യൂണിസ്റ്റുകാര്‍. വടകര ലോക്കപ്പ് മുറിയുടെ ഭിത്തിയില്‍ സ്വന്തം രക്തം കൊണ്ട് അരിവാള്‍ ചുറ്റിക വരച്ച മണ്ടോടി കണ്ണന്റെ പിന്‍ഗാമികള്‍ എന്ന് അഭിമാനപൂര്‍വ്വം പറയുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ആ മണ്ടോടി കണ്ണന്റെ പിന്‍ഗാമിയാണ് ഇപ്പോള്‍ പൊലീസിനെ പാടുപെട്ട് ന്യായീകരിക്കുന്നത്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയാണ് പൊലീസ് എന്നാണ് ഇ.എം.എസ് മുതല്‍ ഇങ്ങോട്ട് എല്ലാ കമ്യൂണിസ്റ്റ് നേതാക്കളും പറയാറുള്ളത്. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും അങ്ങയെപ്പോലെ പൊലീസിനെ ഇങ്ങനെ കണ്ണുമടച്ച് ന്യായീകരിച്ചിട്ടില്ല. പൊലീസ് എഴുതി തന്നത് മാത്രം വായിച്ച് വിശ്വസിക്കുന്നതിന് മുന്‍പ് ഡി.ജി.പി ഓഫീസിന് മുന്നില്‍ എന്താണ് നടന്നതെന്ന് അങ്ങേക്ക് നേരിട്ട് അന്വേഷിക്കാമായിരുന്നു. അങ്ങ് ഇരിക്കുന്ന സെക്രട്ടേറിയറ്റില്‍ നിന്ന് കഷ്ടിച്ച് പത്ത് മിനിറ്റ് മാത്രം യാത്ര ചെയ്താല്‍ ജിഷ്ണുവിന്റെ അമ്മ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്താമല്ലോ? ആ അമ്മയോട് നേരിട്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് ചോദിക്കാമായിരുന്നല്ലോ? മഹിജ എന്ന ആ അമ്മ കമ്യൂണിസ്റ്റുകാരിയാണ്. അവരുടെ കുടുംബവും കമ്യൂണിസ്റ്റ് കുടുംബമാണ്. പൊലീസ് പറഞ്ഞു തരുന്നത് മാത്രം വിശ്വസിക്കാതെ സ്വന്തം കുടുംബാംഗത്തോട് എന്ന പോലെ അങ്ങേയക്ക് അവരോട് കാര്യങ്ങള്‍ ചോദിച്ചറിയാമായിരുന്നു. അങ്ങ് ചെന്നിരുന്നെങ്കില്‍ പൊലീസ് അടിവയറ്റില്‍ ബൂട്ടിട്ട് ചവിട്ടിയ കാര്യവും റോഡിലൂടെ വലിച്ചിഴച്ച കാര്യവും മര്‍ദ്ദിച്ച കാര്യവും അവര്‍ അങ്ങേക്ക് പറഞ്ഞു തരുമായിരുന്നു. അതിക്രമം നടന്ന ദിവസം തന്നെ ഞാന്‍ മലപ്പുറത്ത് നിന്ന് പരിപാടികള്‍ റദ്ദാക്കി തിരുവനന്തപുരത്ത് വന്ന് മഹിജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി കണ്ടിരുന്നു. എന്നോട് പൊലീസ് മര്‍ദ്ദിച്ച വിവരം അവര്‍ പറഞ്ഞിരുന്നു. ഞാന്‍ അങ്ങയോട് ഒരു ചോദ്യം ചോദിക്കട്ടെ? അങ്ങ് പരസ്യത്തില്‍ പറയുന്നത് പോലെ പൊലീസുകാര്‍ കൈനീട്ടി എഴുന്നേല്പിക്കുകയാണ് ചെയ്‌തെങ്കില്‍ ആ അമ്മയ്ക്ക് ഇത്രയും ക്ഷതമേല്‍ക്കുന്നതെങ്ങനെ? വയറ്റിനുള്ളില്‍ പരിക്കേല്‍ക്കുന്നതെങ്ങനെ? ഇത്രയും ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നതെങ്ങനെ?

ഞാന്‍ ഇന്ന് ജിഷ്ണുവിന്റെ വസതിയില്‍ ചെന്ന് അവിടെ നിരഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ കണ്ടിരുന്നു. ആ മകളുടെ നില മോശമായിക്കൊണ്ടിരിക്കുകയാണ്. ജലപാനത്തിന് പോലും ആ മകള്‍ തയ്യാറാവുന്നില്ല. സാധാരണ പൊതുപ്രവര്‍ത്തകര്‍ നിരാഹാരം കിടക്കുമ്പോള്‍ ഉപ്പിട്ട് വെള്ളം കുടിക്കാറ് പതിവുണ്ട്. അവിഷ്ണയോട് ഞാനും അത് പറഞ്ഞു. പക്ഷേ ആ കുട്ടി അതിനും തയ്യാറല്ല. ജിഷ്ണുവിനെപ്പോലെ മരിക്കാന്‍ തയ്യാറാണെന്നാണ് അവിഷ്ണ പറഞ്ഞത്. ജിഷ്ണുവിന്റെ കാര്യത്തില്‍ നീതി തേടി തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തുന്ന അമ്മയുടെ സമരം വിജയിക്കും വരെ തന്റെയും സമരം തുടരുമെന്ന് പറയുന്ന ആ മകളുടെ വാക്കുകള്‍ എല്ലാവരുടെയും കണ്ണുകള്‍ ഈറനണിയിക്കുന്നു. കഴിഞ്ഞ വിഷുവിന് അങ്ങയുടെ പടം കണികണ്ടുണര്‍ന്ന കുട്ടിയാണ് ഇത്. അന്ന് സഹോദരിക്ക് കണികണ്ടുണരാന്‍ അങ്ങയുടെ പടം അയച്ചു കൊടുത്തത് ജിഷ്ണുവാണ്. ആ ജിഷ്ണുവിന്‍രെ മരണത്തിനുത്തരവാദികളെ കണ്ടെത്തണമെന്നാണ് അങ്ങയോട് ആ കുടുംബം ആവശ്യപ്പെടുന്നത്. ആ കുടുംബത്തിലെ മൂന്ന് തലമുറ ഒന്നിച്ചിപ്പോള്‍ സമരത്തിലാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സഹനസമരം ഉണ്ടായിട്ടില്ല.

കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നാണല്ലോ അങ്ങ് ആരോപിക്കുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ മഹിജയോൊപ്പം ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിന്റെ അച്ഛന്‍ കുമാരന്‍ ബി.ജെ.പിക്കാരുടെ വെട്ടേറ്റ് പത്ത് വര്‍ഷമായി ചലനരഹിതനായി കിടക്കുകയാണ്. അവരോണോ ബി.ജെ.പിക്കാരുടെ സഹായം തേടുന്നത്? ഇത്തരം വിഢ്ഢിത്തം ആരാണ് അങ്ങേക്ക് പറഞ്ഞു തരുന്നത് ?
ജിഷ്ണുവിന്റെ അമ്മയുടെ സമരത്തെ സഹായിക്കാന്‍ ചെന്നതിന്റെ പേരില്‍ മനുഷ്യാവകാസ പ്രവര്‍ത്തകരായ ഷാജഹാനെയും ഷാജര്‍ഖാനെയും അറസ്റ്റ് ചെയ്തു ജയിലടച്ചതും ഒരു ഭരണാധികാരിക്ക് ചേര്‍ന്ന നടപടിയല്ല. ഇവരെ ജനങ്ങള്‍ക്ക് നന്നായി അറിയാവുന്നവരാണ്. പഠിക്കുന്ന കാലം മുതല്‍ കമ്യൂണിസ്റ്റുകാരനും മുന്‍മുഖ്യമന്ത്രി വി.എസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നയാളാണ് ഷാജഹാന്‍. ഇവരെ സമരത്തിന് സഹായം നല്‍കിയതിന്റെ പേരില്‍ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലടച്ചത് ഭരണകൂട ഭീകരതയുടെ ഉദാഹരണമാണ്.

അങ്ങ് ഒരു കാര്യം കൂടി ഓര്‍ക്കണം. അങ്ങ് അധികാരമേറ്റപ്പോള്‍ പായസമുണ്ടാക്കി വിളമ്പിയയാളാണ് ജിഷ്ണു. പിണറായിയെ ജിഷ്ണു ആരാധിക്കുകയും ചെയ്തുരുന്നു എന്ന് അമ്മ ഇപ്പോഴും പറയുന്നുണ്ട്. പിണറായിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ മകന്റെ ആത്മാവ് പൊറുക്കില്ലെന്നും ആ അമ്മ പറയുന്നു. ആ അമ്മയുടെ മനസെങ്കിലും അങ്ങ് കാണാതെ പോകരുത്.

മനുഷ്യത്തിന്റെ കണികയെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍, മനസ്സില്‍ ആർദ്രത അല്പമെങ്കിലും ഉണ്ടെങ്കില്‍ ദുരഭിമാനം മാറ്റി വച്ച് അങ്ങ് ഇനിയെങ്കിലും ഈ സമരം അവസാനിപ്പിക്കാന്‍ ഇടപെടണം. ജിഷ്ണിവിന്റെ അമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി നേരിട്ട് കണ്ട് ചര്‍ച്ച നടത്തി അവരുടെ ആവശ്യം അംഗീകരിച്ച് സമരം അവസാനിപ്പിക്കണം.

എന്ന്
സ്‌നേഹപൂര്‍വ്വം
രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ