തിരുവനന്തപുരം: പാചവാതക വർധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ തീവെട്ടിക്കൊളളയാണ് നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദിനം തോറും പെട്രോള്‍ വില വർധിപ്പിച്ചുകൊണ്ട് ജനങ്ങളുടെ മേല്‍ അമിതഭാരം ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പാചക വാതക വില വർധനവിലൂടെ സാധാരണക്കാരന്റെ പോക്കറ്റ് കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഈ കൊളളയ്ക്ക് നേതൃത്വം നല്‍കുന്ന നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും എത്ര ന്യായീകരിച്ചാലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. വർധനവ് മൂലം നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ കുതിച്ചുയരുകയാണ്. പെട്രോള്‍ വില വർധിക്കുന്നതുമൂലം ലഭിക്കുന്ന തുക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന കേന്ദ്രമന്ത്രി ജയ്റ്റ്‌ലിയുടെ വാദം വങ്കത്തരമാണ്. ഇതിനിടയിലാണ് സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പാചകവാതക വില വർധന. ഇത് വന്‍കിട കോർപറേറ്റ് കമ്പനികള്‍ക്ക് വേണ്ടിയാണെന്ന് ഏത് കുട്ടിക്കും മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

കോർപറേറ്റുകള്‍ക്കും, വ്യവസായികള്‍ക്കും മാത്രം ‘അച്ചാദിന്‍’ സമ്മാനിച്ചുകൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്ക് നല്‍കുന്നത് ദുരിതം മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.