തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പിൻമാറിയതോടെ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വിലാപയാത്രയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വർഗീയത ഇളക്കിവിടാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തുന്ന ലൊടുക്ക് വിദ്യയൊന്നും കേരളത്തില്‍ ചെലവാകില്ലെന്നും ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങളുടെ മുമ്പില്‍ തന്റെ പരിപ്പൊന്നും വേവില്ലെന്ന് ഒറ്റ ദിവസം കൊണ്ടു തന്നെ അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടതിനാലാണ് അമിത്ഷാ പിൻമാറിയതെന്നും ചെന്നിത്തല പറഞ്ഞു.

അമിത്ഷായ്ക്ക് സ്വാഗതമോതി ഫ്ലക്സ് വയ്ക്കുന്നതൊഴികെ ബാക്കി എല്ലാം സിപിഎം കേരളത്തിൽ സംഘ്പരിവാരത്തിന് വേണ്ടി ചെയ്തുകൊടുക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘അമിത്ഷായുടെ യാത്ര പ്രമാണിച്ച് മാസങ്ങളായി തകർന്ന് കിടക്കുന്ന റോഡ് പയ്യന്നൂരിൽ രാത്രിക്ക് രാത്രി കേടുപാടുകൾ തീർത്ത് ടാർ ചെയ്‌തു നൽകി. ഇങ്ങനെയാണ് പരിഗണിക്കുന്നതെങ്കിൽ എന്റെ മണ്ഡലത്തിലൂടെ കൂടി അമിത്ഷാ സഞ്ചരിക്കണം എന്ന് ആവശ്യപ്പെടാമായിരുന്നു. രാഷ്‌ട്രപതിയുടെ സന്ദർശനം നടത്തുമ്പോൾ മാത്രം നടത്തുന്ന തയാറെടുപ്പാണ് സർക്കാർ ചെയ്തത്. ബസ്സ്റ്റാൻഡ് പോലും അമിത്ഷായുടെ പരിപാടിയ്ക്കായി വിട്ടുകൊടുത്തു. ജനജീവിതം സ്തംഭിപ്പിച്ചാണ് ഇടതുപക്ഷ സർക്കാർ അമിത്ഷായ്ക്ക് വഴിയൊരുക്കിയത്. Z പ്ലസ് കാറ്റഗറി സുരക്ഷയുള്ളയാൾക്ക് നിയമമനുസരിച്ച് ആവശ്യമുള്ളതിനേക്കാൾ പത്തിരട്ടി പോലീസിനെയാണ് കണ്ണൂരിൽ വിന്യസിച്ചത്’, ചെന്നിത്തല കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ