തിരുവനന്തപുരം: ദേശീയ അന്വേഷ ഏജൻസി ചോദ്യം ചെയ്യുന്ന മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. ഇഡിയുടെ മുൻപിൽ ചോദ്യം ചെയ്യലിനു ഹാജരായ പോലെ എൻഐഎയുടെ മുൻപിലും തലയിൽ മുണ്ടിട്ടാണ് ജലീൽ പോയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇനിയെങ്കിലും മുഖ്യമന്ത്രി ജലീലിനോട് രാജി ആവശ്യപ്പെടാൻ തയ്യാറാകുമോ എന്നും ചെന്നിത്തല ചോദിച്ചു.

രാജ്യദ്രോഹ പ്രവർത്തനം, തീവ്രവാദ പ്രവർത്തനം തുടങ്ങിയ കേസുകളാണ് സാധരണയായി എൻഐഎ അന്വേഷിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ എൻഐഎ ചോദ്യം ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Read Also: ഇതിൽ നിന്നു പുറത്തുകടക്കാൻ എത്ര കാലമെടുക്കും? ഓൺലൈനിൽ നിന്നു വിട്ടുനിൽക്കുന്നു; സുശാന്തിന്റെ സഹോദരി

പിണറായി സർക്കാരിന് അധികാരത്തിൽ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. അഴിമതിയിൽ മുങ്ങിത്താഴുന്ന ഒരു സർക്കാരിനെ ആർക്കും രക്ഷിക്കാനാവില്ല. പ്രതിപക്ഷം അഴിമതി ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി അതിനെ നിസാരവൽക്കരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ജലീൽ രാജിവയ്‌ക്കേണ്ട എന്ന് മുഖ്യമന്ത്രി നിലപാട് എടുക്കുന്നത് അന്വേഷണം തന്നിലേക്കും നീളുമെന്ന ഭയത്താലാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം, മന്ത്രി കെ.ടി. ജലീലിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്യുകയാണ്. കൊച്ചി കടവന്ത്രയിലെ എൻഐഎ ഓഫീസിലാണ് ചോദ്യം ചെയ്യൽ. പുലർച്ചെ ആറോടെ ചോദ്യം ചെയ്യലിനായി ജലീൽ കൊച്ചിയിലെത്തി.

Read Also: മുഖ്യമന്ത്രിയോട് എണ്ണിയെണ്ണി ചോദിച്ച് ചെന്നിത്തല; തുറന്ന കത്ത്

ആലുവ മുൻ എംഎൽഎയും സിപിഎം നേതാവുമായ എ.എം.യൂസഫിന്റെ വാഹനത്തിലാണ് ജലീൽ ചോദ്യം ചെയ്യലിനായി എൻഐഎ ഓഫീസിൽ എത്തിയത്. ബുധനാഴ്‌ച രാത്രി 1.30 യോടെയാണ് ജലീൽ വാഹനം ആവശ്യപ്പെട്ടതെന്ന് യൂസഫ് പറയുന്നു. കളമശേരി റസ്റ്റ് ഹൗസിലേക്ക് പുലർച്ചയോടെ വാഹനം എത്തിക്കാൻ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. എൻഐഎ ഓഫീസിലേക്ക് പോകാനാണെന്ന് മന്ത്രി അറിയിച്ചിരുന്നതായും യൂസഫ് പറയുന്നു.

നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും ജലീലിനെ ചോദ്യം ചെയ്‌തിരുന്നു. യുഎഇ കോൺസുലേറ്റ് വഴി ഖുറാൻ വിതരണം ചെയ്‌തതിൽ എന്തെങ്കിലും ക്രമക്കേട് ഉണ്ടോ, സ്വർണക്കടത്ത് കേസുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ജലീലിനോട് ചോദിച്ചറിയുന്നത്. ജലീൽ എൻഫോഴ്‌സ്‌മെന്റിനു നൽകിയ മൊഴി എൻഐഎ നേരത്തെ പരിശോധിച്ചിരുന്നു. ഇഡി ഓഫീസിലെത്തിയാണ് എൻഐഎ ഉദ്യോഗസ്ഥർ മൊഴി പരിശോധിച്ചത്. അതിനു പിന്നാലെയാണ് മന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.