തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് തുടങ്ങും. കാസര്‍ഗോഡ് നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ചുറ്റി സഞ്ചരിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള വിവിധ കക്ഷി നേതാക്കളും ജാഥയില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനടപടികള്‍ തുറന്നുകാട്ടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റേത് കൂട്ടായ നേതൃത്വമാണെന്നും പ്രതിപക്ഷ നേതാവ്.

Read Also: കോവിഡിന് ശേഷമുള്ള സാമ്പത്തിക തിരിച്ചുവരവ്: എന്താണ് കെ ഷെയ്പ്ഡ് റിക്കവറി?

“കോവിഡാനന്തരം കേരളത്തിലെ ജനങ്ങള്‍ പട്ടിണിയും പ്രയാസവും നേരിടുകയാണ്. ആരുടെ കയ്യിലും പണമില്ലാത്ത അവസ്ഥയാണ്. കോവിഡ് രോഗികളെ പരിശോധിക്കാന്‍ പോലും സര്‍ക്കാര്‍ സൗകര്യമൊരുക്കി നല്‍കുന്നില്ല. എല്ലാ രംഗത്തും പരാജയപ്പെട്ട ഒരു സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ യുഡിഎഫ് തീരുമാനിച്ചിരിക്കുകയാണ്,” ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ നാലര വര്‍ഷക്കാലമായി ജനജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുന്ന, കേരളത്തിന്റെ വികസനം മുരടിപ്പിച്ച ഒരു സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നതെന്ന് ചെന്നിത്തല വിമർശിച്ചു.

കുണ്ടന്നൂർ, വെെറ്റില മേൽപ്പാലങ്ങളുടെ ഉദ്ഘാടനം വലിയ ആഘോഷമായി നടത്തിയതിനെ ചെന്നിത്തല പരിഹസിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 245 പാലങ്ങളാണ് പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ രണ്ട് പാലങ്ങള്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ തന്നെ എന്തൊരുപ്രചരണ കോലാഹലങ്ങളാണ് നടത്തിയതെന്ന് അദ്ദേഹം ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.