തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാദേശിക പ്രശ്‌നങ്ങളും വ്യക്തികളുടെ സ്വാധീനവും കുടുംബ ബന്ധങ്ങളും ഒക്കെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം ലഭിച്ചുവെന്നും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി നടത്തിയ വാർത്തസമ്മേളത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു.

“തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ 2010 ഒഴിച്ചാല്‍ എല്ലാ തവണയും എല്‍ഡിഎഫിനാണ് മുന്‍തൂക്കം ലഭിച്ചിട്ടുള്ളത്. യുഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ല. മൂന്ന് കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് ഭരണമുണ്ടാകും. 375 ഗ്രാമ പഞ്ചായത്തുകളിലാണ് യുഡിഎഫിന് മുന്‍തൂക്കം. മുനിസിപ്പാലിറ്റികളിലും യുഡിഎഫ് മുന്നേറി. യുഡിഎഫിന്റെ ജനപിന്തുണയില്‍ ഇടിവ് വന്നിട്ടില്ല.”

പാർലമെന്റ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ അടിസ്ഥാനത്തിൽ ആയിരുന്നു. ഈ തെരഞ്ഞെടുപ്പ് അങ്ങനെയല്ല. കേരളത്തിൽ ബി ജെ പി ക്ക് സ്ഥാനം ഇല്ലെന്ന് തെളിഞ്ഞു കഴിഞ്ഞു. യുഡിഎഫിന് ആത്മവിശ്വാസം ഉണ്ടാകുന്ന പ്രകടനം ആണ് തെരഞ്ഞെടുപ്പിൽ നടത്തിയത് എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കോൺ​ഗ്രസ്സിനും യുഡിഎഫിനും എതിരാണെന്ന പ്രചാരണം ശരിയല്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യുഡിഎഫിന്റെ അടിത്തറ തകർന്നിട്ടില്ല. ഗ്രാമപഞ്ചായത്തുകളിൽ മികച്ച പ്രകടനം നടത്താൻ ആയി. മുൻസിപ്പാലിറ്റികളിലും മികച്ച പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്. സിപിഎമ്മിന് അമിതമായി ആഹ്ളാദിക്കാൻ വഴി ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.