തിരുവനന്തപുരം: സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകപരമായ നിയമനടപടിക്ക് വിധേയമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

“തെറ്റ് ചെയ്തവർ ആരായിരുന്നാലും രക്ഷപ്പെടാൻ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് ഗവൺമെന്റ് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആർക്കും എൽഡിഎഫിന്റെയോ ഗവൺമെന്റിന്റെയോ ഒരു സഹായവും ലഭിക്കുകയില്ല. ഇതു സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പാർടിക്കെതിരെ നടത്തുന്ന പ്രചരണങ്ങൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങൾ മാത്രമാണ്.” ഇപ്പോൾ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കോടിയേരി പറഞ്ഞു.

അതസമയം, സ്വർണക്കടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. “രാജ്യാന്തര ബന്ധമുള്ള കേസാണിത്. കോൺസുലേറ്റുമായി ബന്ധപ്പെട്ട വിഷയമാണ്. സിബിഐ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൻ കത്തയച്ചു,” രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: സ്വർണ്ണക്കടത്ത്: പിടിക്കപ്പെട്ടതോടെ സരിത് ഫോൺ ഫോർമാറ്റ് ചെയ്‌തു, ഫോറൻസിക് പരിശോധന നടത്തും

“നാടിനെ നടുക്കിയ സംഭവമാണിത്. മുഖ്യമന്ത്രി ഭയപ്പാട് കൊണ്ടാണ് എം.ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. തന്നിലേക്കു വിരൽ ചൂണ്ടുമെന്ന് മനസിലായപ്പോഴാണ് സെക്രട്ടറിയെ മാറ്റാൻ മുഖ്യമന്ത്രി നിർബന്ധിതനായത്. കേസ് അന്വേഷണം സിബിഐയ്‌ക്ക് കെെമാറാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നിരവധി അഴിമതി കേസുകൾ പുറത്തുവരാനുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്തുന്നത് അവിടെയുള്ളവർ തന്നെയാണ്. ശിവശങ്കറിനെ മാറ്റണമെന്ന് രണ്ടര മാസമായി പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്,” ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പാർട്ടിക്കും സ്വർണ്ണക്കടത്ത് കേസിൽ വ്യക്തമായ പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. “കേസിൽ സിബിഐ അന്വേഷണം വേണം. ലാവ്‌ലിൻ കേസ് അട്ടിമറിച്ചതുപോലെ സ്വർണ്ണക്കടത്ത് കേസിൽ സംഭവിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ്. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തിറങ്ങും” മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തെത്തി. “പ്രെെവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാത്രമാണ് ശിവശങ്കറിനെ മാറ്റിയത്. ഐടി സെക്രട്ടറി സ്ഥാനത്ത് ഇപ്പോഴും തുടരുന്നുണ്ട്. അതിനർത്ഥം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ശിവശങ്കറിനു അറിയാം. 2017 ആദ്യം മുതലേ സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിക്കു അറിയാം. ശിവശങ്കറിനെ അത്ര പെട്ടന്നൊന്നും മുഖ്യമന്ത്രിക്ക് ഒഴിവാക്കാൻ സാധിക്കില്ല. ഉമ്മൻചാണ്ടിയുടെ അതേ വഴിയിലൂടെയാണ് പിണറായി വിജയനും നീങ്ങുന്നത്,” കെ.സുരേന്ദ്രൻ പറഞ്ഞു.

Read Also: സ്വർണ്ണക്കടത്ത്: പിടിക്കപ്പെട്ടതോടെ സരിത് ഫോൺ ഫോർമാറ്റ് ചെയ്‌തു, ഫോറൻസിക് പരിശോധന നടത്തും

അതേസമയം, ഐടി സെക്രട്ടറി എം  ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി. പകരം മിർ മുഹമ്മദ് ഐഎഎസിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധികച്ചുമതല നൽകി. ഐടി വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ശിവശങ്കറിനോട് വിശദീകരണം പോലും തേടാതെയാണ് നടപടിയെടുത്തിരിക്കുന്നത്. എന്നാൽ, ഐടി സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയിട്ടില്ല. എന്നാല്‍ അദ്ദേഹം ദീര്‍ഘകാല അവധിയിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.