/indian-express-malayalam/media/media_files/uploads/2020/07/kodiyeri-chennithala.jpg)
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോൺഗ്രസിനുള്ളിലെ സർസംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസിനേക്കാൾ നന്നായി അവരുടെ കുപ്പായം അണിയുന്നയാളാണ്. ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തലയെന്നും കോടിയേരി വിമർശിച്ചു. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനങ്ങള്‍.
"അയോധ്യയിൽ പള്ളി പൊളിക്കാൻ കാവിപ്പടയ്ക്ക് അന്നത്തെ കോൺഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്റെ പാരമ്പര്യം പിൻപറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകൾ കയറുന്നത്. ബിജെപിയും കോൺഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യശത്രുവായി കാണുന്നത് എൽഡിഎഫിനെയും വിശിഷ്യാ സിപിഐഎമ്മിനെയുമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത കെട്ടുകഥകൾ മെനയാനും സർക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ഉത്സാഹിക്കുന്നത്."
Read More: കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ്; പുനരന്വേഷണം വേണ്ടെന്ന് സിപിഎം ജില്ല നേതൃത്വം
"ആർഎസ്എസ് അനുഭാവിയുടെ മകനായ ചെന്നിത്തലയ്ക്കുവേണ്ടി ജന്മഭൂമി പത്രം വക്കാലത്ത് എടുത്തത് വെറുതെയല്ല. ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് ചെന്നിത്തലയാണ്. പിണറായി സർക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവർത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആർഎസ്എസ്–കോൺഗ്രസ് ബാന്ധവം. കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലകായി ചെന്നിത്തല മാറിയിരിക്കുകയാണ്," കോടിയേരി പറഞ്ഞു.
ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല. ഈ പ്രക്രിയയില്‍ ആപാദചൂഡം വ്യാപൃതനായതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രം പോലുള്ള വിഷയങ്ങളില്‍ യുഡിഎഫ് മൗനംപാലിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
"2016ൽ നിയമസഭയിലേക്ക് ഹരിപ്പാട്ട് മത്സരിച്ചപ്പോൾ ചെന്നിത്തലയ്ക്ക് കിട്ടിയ വോട്ടിനേക്കാൾ 14,535 വോട്ട് 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ കോൺഗ്രസിന് കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി അശ്വിനി രാജിന് കിട്ടിയതിനേക്കാൾ 13,253 വോട്ട് ബിജെപിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇത് വിരൽചൂണ്ടുന്നത് ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണ്. ഈ പ്രക്രിയയിൽ ആപാദചൂഡം വ്യാപൃതനായതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളിൽ യുഡിഎഫ് മൗനംപാലിക്കുന്നത്."
രാമക്ഷേത്ര നിര്‍മാണം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും വിമര്‍ശിക്കുന്ന ലേഖനത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിനെ ആര്‍എസ്എസുകാരനാക്കി കോടിയേരി രംഗത്ത് വന്നിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.