തിരുവനന്തപുരം: നാളത്തെ ബിജെപി ഹര്‍ത്താലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി ജനങ്ങളെ ദ്രോഹിക്കുകയാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. സമരം പൊളിഞ്ഞതിലെ ജാള്യത മറച്ച് വയ്ക്കാനാണ് ഈ ആത്മഹത്യയുടെ മറവില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.

തുടര്‍ച്ചയായി അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുകയാണ്. മണ്ഡലകാലം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് ബിജെപി മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അര്‍ദ്ധരാത്രി കഴിഞ്ഞിട്ടായിരുന്നു. രണ്ടു ദിവസം മുന്‍പാണ് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ നടത്തിയത്. പ്രദേശികമായി മറ്റു പല ഹര്‍ത്താലുകളും ഇതിനിടിയല്‍ പല ഭാഗത്തും ബിജെപി നടത്തിയെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

Read Also: സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ

”ശബരിമല പ്രശ്നത്തില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാണ് ഇപ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ജീവിത നൈരാശ്യം കൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അദ്ദേഹത്തിന്റെ പുറത്തു വന്നിട്ടുള്ള മരണമൊഴി. ശബരിമല വിഷയത്തിലെ ബിജെപിയുടെ സമരം പൊളിഞ്ഞതിലെ ജാള്യത മറച്ച് വയ്ക്കാനാണ് ഈ ആത്മഹത്യയുടെ മറവില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്” ചെന്നിത്തല പറഞ്ഞു.

ഇങ്ങനെ അപ്രതീക്ഷിതവും അനാവശ്യവുമായ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ ശിക്ഷിക്കുക വഴി ബി.ജെ.പി ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
Read Also: വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്; ശബരിമല പ്രശ്നമോ പ്രതിഷേധമോ മൊഴിയില്‍ പറയുന്നില്ല

അതേസമയം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്തു വന്നിട്ടുണ്ട്. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി. മരിക്കുന്നതിന് തൊട്ടു മുന്‍പ് പൊലീസ് രേഖപ്പെടുത്തിയ മൊഴിയാണ് ഇത്.

ശബരിമല പ്രശ്‌നമോ പ്രതിഷേധമോ മൊഴിയില്‍ പറയുന്നില്ല എന്നും പൊലീസ് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.