തിരുവനന്തപുരം: ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് അവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണ്ണര്‍ പി. സദാശിവത്തിന് നിവേദനം നല്‍കി. ശബരിമലയിൽ സമാധാനവും ശാന്തിയും പുനസ്ഥാപിക്കാൻ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ഗവർണ്ണറോട് ആവശ്യപ്പെട്ടു.

ലോകത്തിലെ തന്നെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ 16000 ത്തോളം പൊലീസുകാരെ വിന്ന്യസിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് ഭക്തര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരിക്കാൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല.

നാല്‍പ്പത്തിയൊന്ന് ദിവസം വ്രതം നോറ്റ് എത്തുന്ന അയ്യപ്പ ഭക്തരെ ഭീകര പ്രവര്‍ത്തകരെപോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിവേകശൂന്യമായ നടപടിയാണ് ശബരിമലയില്‍ ഇന്നത്തെ പ്രതിസന്ധിക്ക് പിന്നിലുള്ളതെന്നും, ആര്‍ എസ് എസ്, ബി.ജെ.പി, സംഘപരിവാര്‍ ശക്തികളും അഴിച്ചുവിടുന്ന അക്രമങ്ങളുടെ പേരില്‍ ദര്‍ശനത്തിനെത്തുന്ന ലക്ഷണക്കിന് ഭക്തരെ ശിക്ഷിക്കേണ്ട കാര്യമില്ലന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ശബരിമലയിലെ കാര്യങ്ങള്‍ തിരുമാനിക്കേണ്ടതും, നടപ്പാക്കേണ്ടതും ഭരണഘടനാ സ്ഥാപനമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ബോര്‍ഡിന്റെ ഭരണം കവര്‍ന്നെടുത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.