തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിൽ സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം. സര്‍ക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്സിന് ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
“തിരഞ്ഞെടുപ്പിന്റെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് കോവിഡിന്റെ പോരാട്ടത്തില്‍ മുന്നിട്ടിറങ്ങാന്‍ യുഡിഎഫ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയാണ്. സര്‍ക്കാരും അവസരത്തിനൊപ്പം ഉയരുമെന്ന് ഞങ്ങളും പ്രതീക്ഷിക്കുന്നു. വെറുതെ ബഡായി അടിക്കുന്നതില്‍ മാത്രമായി കോവിഡ് പ്രതിരോധം ഒതുങ്ങരുത്. പ്രതിപക്ഷത്തേയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളേയും പങ്കാളിയാക്കണം,” രമേശ് ചെന്നിത്തല പറഞ്ഞു.
”തികഞ്ഞ ജാഗ്രതയോടെ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. സര്‍ക്കാരിനോടൊപ്പം പ്രതിപക്ഷം ഈ കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കും. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുമായും വളരെ വിശദമായി സംസാരിച്ചു. സര്‍ക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് നിന്നുകൊണ്ട് പ്രവര്‍ത്തിക്കും. ഒന്നാം ഘട്ടത്തിലും സര്‍ക്കാരിന് പരിപൂര്‍ണ പിന്തുണ രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാരും ആരോഗ്യവകുപ്പും പറഞ്ഞ കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്. കോവിഡ്-19 പ്രതിരോധത്തില്‍ എല്ലാ പിന്തുണയും സര്‍ക്കാരിന് പ്രഖ്യാപിക്കുകയാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഓഫീസില്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്.”
Read More: കോവിഡ് മഹാമാരിയെ നേരിടാൻ ഇരട്ട മാസ്ക്കുകൾ ഫലപ്രദമോ?
ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്ന നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ആശുപത്രികളില്‍ തിരക്ക് നിയന്ത്രിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
“ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. ഓക്സിജന്‍ ഉള്‍പ്പെടെ എല്ലാ അവശ്യമെഡിക്കല്‍ സംവിധാനങ്ങളും ആശുപത്രികളില്‍ ഒരുക്കണം. ഏതുസാഹചര്യത്തെയും നേരിടാന്‍ ആശുപത്രികള്‍ സജ്ജമാക്കണം. ഓക്സിജന്‍, ബ്ലഡ്, വെന്റിലേറ്റര്‍ തുടങ്ങി എല്ലാ അവശ്യ ഘടകങ്ങളും ഒരുക്കണം. കോവിഡ് രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ കൂടി വെന്റിലേറ്ററും, ഐസിയുവും ക്രമീകരിക്കണം,” വാക്സിന് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.