തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പില്‍ സമാധാനപരമായി സമരം ചെയ്ത കെഎസ്‌യു പ്രവര്‍ത്തകരെ തലക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും, വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷും നടത്തുന്ന അനിശ്ചിത കാല നിരാഹര സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് സമാധാനപരമായി പ്രകടനം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പൊലീസ് അക്രമം അഴിച്ച് വിട്ടത്.

അവർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും, അവരെ തലക്കടിച്ച് മാരകമായി പരുക്കേല്‍പ്പിക്കുകയാണ് പൊലീസ് ചെയ്തത്. വിദ്യാര്‍ത്ഥികളെ തലക്കടിച്ച് മാരകമായി പരുക്കേല്‍പ്പിച്ച പൊലീസ് ഉദ്യോസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും സംഭവത്തെ താന്‍ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ