തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണ വിവരങ്ങളും പുറത്ത് വരുന്ന സാഹചര്യത്തിൽ അന്തസുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുപോലെ നാറിയ ഭരണം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മന്ത്രിസഭയ്ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. മന്ത്രിസഭ ഒന്നാകെ രാജിവച്ചൊഴിയണം. ഇക്കാര്യം ആവശ്യപ്പെട്ട് 22 ന് സെക്രട്ടേറിയറ്റിന് മുന്നിലും കലക്ട്രേറ്റുകള്‍ക്ക് മുന്നിലും യുഡിഎഫ് ഉപരോധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇത്രയേറെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ കാനം രാജേന്ദ്രന്‍ ഇതേ കുറിച്ച് പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം എവിടെ കാനം കാശിക്ക് പോയിരിക്കുകയാണോ ഒരക്ഷരം മിണ്ടുന്നില്ലെന്നും ചെന്നിത്തല പരിഹസിച്ചു.
Read More: നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്ക് മനസ്സില്ല; മാധ്യമങ്ങളോട് ജലീല്‍
പാവപ്പെട്ടവര്‍ക്ക് വേണ്ടിയുളള പദ്ധതിയായ ലൈഫ്മിഷനില്‍ കമ്മിഷനടിച്ച സ്വപ്ന സുരേഷുമായി മന്ത്രിപുത്രന് എന്താണ് ബന്ധമെന്നുളള കാര്യം പുറത്തുവരണം. വരുംദിവസങ്ങളില്‍ കൂടുതല്‍ മന്ത്രിപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും എതിരായ ആരോപണങ്ങളായിരിക്കും പുറത്തുവരിക.
ജലീല്‍ മാധ്യമങ്ങളെ കളിയാക്കിയിട്ടു കാര്യമില്ല. ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ സ്വന്തം ഐഡന്റിറ്റി പോലും മറച്ചുവച്ച് തലയില്‍ മുണ്ടിട്ട് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ പോയത് എന്തിനാണ് പ്രതിപക്ഷ നേതാവ് ചോദിച്ചു. എല്ലാ കുറ്റങ്ങളും ചെയ്ത ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് തങ്ങളിയാതെ ഈച്ച പോലും പാറില്ലെന്ന് പറഞ്ഞവരെ തോല്‍പ്പിച്ചതാണെന്നാണ്. ഈച്ചപോലും അറിയാതെ കാര്യങ്ങള്‍ ചെയ്യുന്നവരെയാണ് പഠിച്ച കളളന്മാര്‍ എന്ന് പറയുന്നത്. നമ്മുടെ നാട്ടില്‍ ധാരാളം കളളന്മാര്‍ ഉണ്ട്. താന്‍ അവരേക്കാള്‍ മിടുക്കനാണെന്ന് ജലീല്‍ തെളിയിച്ചിരിക്കുന്നു.
ഇക്കാര്യത്തില്‍ ഇനി മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ടെന്നാണ് അറിയേണ്ടത്. അതിന് മുഖ്യമന്ത്രിയെ കാണാനെ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.