തിരുവനന്തപുരം: സ്വർണക്കളളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് സിബിഐ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. പല അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. കള്ളക്കടത്തു കേസ് പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിച്ചെന്നും ചെന്നിത്തല പറഞ്ഞു.

സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാനാവും. സ്‌പേസ് കോൺഫറൻസിന്റെ സംഘാടക സ്വപ്നയായിരുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിനു കീഴിലുള്ള സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിന്‌ കീഴില്‍ സ്‌പേസ് പാര്‍ക്കില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പരിപാടി നടക്കുന്നത്. ഇതിന്റെ മുഖ്യ സംഘാടകയെ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയാൻ കഴിയുമോയെന്നും ചെന്നിത്തല ചോദിച്ചു.

Read Also: സിബിഐ സംഘം കസ്റ്റംസ് ഓഫീസിൽ; സ്വപ്‌ന സുരേഷ് കീഴടങ്ങിയേക്കും, അസാധാരണ നടപടികൾ

സ്വപ്ന സർക്കാരിന്റെ ഉദ്യോഗസ്ഥയല്ല, ഐടി വകുപ്പ് ഉദ്യോഗസ്ഥയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് ശരിയാണ്. അവർ ഐടി വകുപ്പ് ജീവനക്കാരിയല്ല. മുഖ്യമന്ത്രിയുടെ തന്നെ വകുപ്പായ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെൻറിൽ ആണ് സ്വപ്ന ജോലി ചെയ്തിരുന്നത്. സ്വപ്നയ്ക്ക് സർക്കാരുമായി അടുത്ത ബന്ധമുണ്ടെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്വപ്നയുടെ നിയമനം നടന്നത് മുഖ്യമന്ത്രി അറിഞ്ഞാണെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, സ്വർണക്കടത്തിലെ മുഖ്യസൂത്രധാരയെന്ന് കരുതുന്ന സ്വപ്‌ന സുരേഷിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ തിരുവനന്തപുരത്ത് തിരച്ചില്‍ നടത്തിയിട്ടും സ്വപ്‌നയെ കണ്ടെത്താനായില്ല. സ്വപ്‌ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.