തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനിൽ അവിശ്വാസം പ്രകടിപ്പിച്ച സിപിഐ മന്ത്രിമാർ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് കേരള ചരിത്രത്തിലെ ആദ്യ സംഭവമാണ്. മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലാത്ത മന്ത്രിമാര്‍ മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മികമാണെന്നും ചെന്നിത്തല പറഞ്ഞു. തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ ആരോപണവുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ടാണ് ചെന്നിത്തലയുടെ പ്രതികരണം.

പിണറായി വിജയൻ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായി. ക്യാബിനറ്റ് മന്ത്രിമാരെ വിശ്വാസത്തിലെടുക്കാൻ കഴിയാത്ത മുഖ്യമന്ത്രിക്ക് ജനങ്ങളെ എങ്ങനെ വിശ്വാസത്തിലെടുക്കാൻ സാധിക്കും. മുഖ്യമന്ത്രിയെ തോമസ് ചാണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. സിപിഎമ്മുമായി തോമസ് ചാണ്ടിക്കുള്ള സാമ്പത്തിക ഇടപാടുകളാണോ അദ്ദേഹത്തെ സംരക്ഷിക്കാന്‍ പിണറായി വിജയനെ പ്രേരിപ്പിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഇ.പി.ജയരാജന് നല്‍കാത്ത സൗജന്യം എന്തിനാണ് തോമസ് ചാണ്ടിക്ക് നകിയത്. ആദ്യം നിരപരാധിത്വം തെളിയിക്കുന്നവര്‍ മന്ത്രിസ്ഥാനം നല്‍കാന്‍ ഇത് ഓട്ടമത്സരമാണോയെന്നും ചെന്നിത്തല പരിഹസിച്ചു.

മുഖ്യമന്ത്രി പറയുന്നത് കേൾക്കാത്ത മന്ത്രിമാരും മന്ത്രിമാർ പറയുന്നത് കേൾക്കാത്ത മുഖ്യമന്ത്രിയുമാണ് കേരളത്തിലുളളത്. ഈ മുന്നണിക്ക് എങ്ങനെയാണ് കേരളത്തെ നയിക്കാൻ കഴിയുക. ഒന്നര വർഷത്തെ ഇടതുഭരണം ജനങ്ങളെ നിരാശയിലാഴ്ത്തിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.