/indian-express-malayalam/media/media_files/uploads/2020/06/ramesh-chennithala.jpg)
കൊച്ചി: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
"മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കേണ്ടത് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും വികാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഇവിടെ അതല്ല ചെയ്യുന്നത്. മുഖ്യമന്ത്രി തന്റെ പദവി ദുരുപയോഗപ്പെടുത്തുകയാണ്. കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം മുന്നോട്ടുപോകണമെന്നാണ് ആവശ്യം. യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. വസ്തുതാപരമായും നിയമപരമായും അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് ആഗ്രഹം."
പൊതുവികാരം അതായിരിക്കെ, അതിനെതിരായി സംസ്ഥാന മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് താന്‍ ഇരിക്കുന്ന പദവി ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കത്തയക്കുന്ന നടപടി തെറ്റായ കീഴ്‌വഴക്കമാണ് സൃഷ്ടിക്കുന്നത്. ജനങ്ങളുടെ വികാരമല്ല കത്തയക്കലിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് തോന്നിയ പോലെ പ്രവർത്തിക്കാനാകില്ലെന്നും വ്യവസ്ഥാപിതമായി വേണം പ്രവർത്തിക്കാനെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച പറഞ്ഞിരുന്നു. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾക്കെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനമുന്നയിച്ചു. സ്വർണക്കടത്തിയവർ രക്ഷപ്പെട്ടാലും കുഴപ്പമില്ല, സംസ്ഥാനത്തെ ജനോപകാര പദ്ധതികൾ തടയണമെന്നാണ് കേന്ദ്ര ഏജൻസികളുടെ ലക്ഷ്യമെന്ന് പിണറായി ആഞ്ഞടിച്ചു. കേരളത്തിൽ തോന്നിയ പോലെ മേയാൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സാധിക്കില്ലെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം കോവിഡ് വാക്‌സിൻ കേരളത്തിലെ ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് പറഞ്ഞതിന് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യുഡിഎഫ് കൺവീനർ എം എം ഹസൻ. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ പരാതി. കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ സി ജോസഫ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.