തിരുവനന്തപുരം: സംഘപരിവാറിന്റെ പലരുടേയും വരുമാനമാര്‍ഗം പാകിസ്താനില്‍ നിന്നുളള പണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാക് ചാരസംഘടനയായ ഐഎസ്ഐയെ സഹായിച്ചതിന് പിടിയിലായ ബിജെപി പ്രവര്‍ത്തകനായ ധ്രുവ് സക്സേനയെ ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.

പാകിസ്താനിലേക്ക് ആളെ കയറ്റി അയക്കാൻ ടിക്കറ്റ് കൊടുക്കുന്നവരായി സംഘപരിവാർ മാറിയിട്ട് കുറച്ചേറെകാലമായി. ബുദ്ധിജീവികൾക്കും സാഹിത്യകാരന്മാർക്കും ചലച്ചിത്ര പ്രവർത്തകർക്കുമൊക്കെ ടിക്കറ്റ് ഓഫർ ചെയ്യുന്നത് ഇവരോട് ഉള്ള വെറുപ്പ് കൊണ്ടാണ് എന്നറിയാം. ഈ വെറുപ്പ് പാകിസ്താനോടും ഉണ്ടെന്നു കരുതിയവർക്ക് തെറ്റി. ദേഷ്യം ഇല്ലെന്നു മാത്രമല്ല സംഘപരിവാറിൽ പലരുടെയും പ്രധാനവരുമാന മാർഗം പാകിസ്താനിൽ നിന്നുള്ള പണമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള വിലപ്പെട്ട വിവരങ്ങൾ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ യ്ക്കു നൽകി കാശ് വാങ്ങിയതിനു അറസ്റ്റ് ചെയ്യപ്പെട്ട 11 പേരിൽ ഒരാൾ മധ്യപ്രദേശിലെ ബിജെപിയുടെ ഐ.ടി സെൽ അംഗം കൂടിയായ ധ്രുവക് സക്‌സേന ആണ്. സ്വാതന്ത്ര സമരകാലത്ത് സംഘപരിവാറിന് ഒരു പങ്കുമില്ല എന്ന് മാത്രമല്ല ഒറ്റുകൊടുക്കലും മാപ്പെഴുതി നൽകി തടികേടാകാതെ രക്ഷപെടുകയുമായിരുന്നു പതിവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ദേശീയ പതാകയുടെ മൂവർണ നിറം തന്നെ ശുഭസൂചകമല്ലെന്നു ആർ.എസ്.എസ് സർ സംഘചാലക് ആയ എം.എസ്. ഗോൾവാൾക്കർ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസർ പ്രസിദ്ധീകരിക്കുകയും ചെയ്തു. ദേശീയഗാനമായ ജനഗണമനയോടും ഇവർക്ക് പഥ്യമായിരുന്നില്ല. അടൽബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കെ ഇവരെ ഏറ്റവും അധികം അലട്ടിയതു പട്ടാളക്കാരുടെ മൃതദേഹം കൊണ്ടുപോകാനുള്ള ശവപ്പെട്ടിയിൽ നടത്തിയ അഴിമതി ആയിരുന്നു. എന്നിട്ടും ദേശസ്നേഹത്തിന്റെ വക്താക്കളായി മാറാനും സംഘപരിവാറിന് കഴിയുന്നതാണ് അത്ഭുതമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു,

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ