തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന വിദേശ കമ്പനിക്ക് കരാര്‍ നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനിയ്ക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത്. ഒമ്പത് കേസുകള്‍ ഈ കമ്പനി നേരിടുന്നുണ്ട്. സെബി ഈ കമ്പനിയെ രണ്ടുവര്‍ഷത്തേയ്ക്ക് നിരോധിച്ചിട്ടുണ്ട്. ഇത്തരമൊരു കമ്പനിക്ക് കരാര്‍ നല്‍കിയത്‌ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇരുപതാം ലോ കമ്മീഷൻ ചെയര്‍മാനും ഡല്‍ഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസുമായിരുന്ന എപി ഷാ കമ്പനിക്ക് എതിരെ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നിട്ടും കരാറുമായി മുന്നിട്ട് പോകാനുള്ള തീരുമാനത്തിന് പിന്നിലെന്താണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. റീ ബിൽഡ് കേരള കൺസൾട്ടൻസി കരാർ കെപിഎംജിക്ക് നൽകിയതിലും അഴിമതി ഉണ്ടെന്ന വാദത്തിൽ ഉറച്ചു നില്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് താല്‍പര്യമെടുത്താണ് 2019 ഓഗസ്റ്റ് 17ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ തീരുമാനമെടുത്തത്. ചട്ടങ്ങളൊന്നും പാലിക്കാതെ, ടെണ്ടര്‍ വിളിക്കാതെയാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയിരിക്കുന്നത്. മന്ത്രിസഭ അറിയാതെ ടെണ്ടര്‍ വിളിക്കാതെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഒരു യോഗത്തിൽ എങ്ങനെയാണ് ഇത്തരം ഒരു തീരുമാനം എടുക്കുകയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.