ഒലവക്കോട് കനാൽ പുറമ്പോക്കിൽ ഓലപ്പുരയിൽ കഴിയുന്ന ഫുട്ബോൾ താരം ബാദുഷയ്ക്ക് ചെറിയൊരു ആഗ്രഹമേ ഉണ്ടായിരുന്നുളളൂ. കാലിൽ ബൂട്ട് അണിയുക. കോയമ്പത്തൂരിൽ ബൂട്ടിന് വിലക്കുറവുണ്ടെന്ന് അറിഞ്ഞ് ബൂട്ട് വാങ്ങാനായി പോയി. പക്ഷേ പൈസ തികയാതെ വന്നപ്പോൾ തിരിച്ചുപോന്നു. ഒടുവിലിതാ ബാദുഷയുടെ കാലുകൾ ബൂട്ട് അണിയുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ബാദുഷയുടെ ഏറെ നാളത്തെ ആഗ്രഹം നിറവേറ്റുന്നത്.

ഏറെ ആഗ്രഹിച്ച ബൂട്ട് നാളെ വീട്ടിൽ എത്തിച്ചു കൊടുക്കാം എന്ന് ഞാൻ വാക്ക് കൊടുത്തുവെന്ന് രമേശ് ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഗോൾവല കാത്ത കരുത്തനായ ഗോളിയ്ക്ക് പടവുകൾ ഇനിയും ചവിട്ടികയറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമിയാണ് ബാദുഷയുടെ ഹൃദയനിർഭരമായ കഥ പുറംലോകത്തെ അറിയിച്ചത്. ഇന്ത്യൻ സ്കൂൾ ഫുട്ബോൾ ടീമിന്റെ ഗോൾ കീപ്പറായ ബാദുഷ പുറമ്പോക്കിൽ കെട്ടിയ ഓലപ്പുരയിലാണ് താമസിക്കുന്നത്. ഉമ്മ മാത്രമേ ഉളളൂ. ഉമ്മ കൂലിപ്പണിയെടുത്താണ് ഉപജീവനം. ഇത്തവണ ഇറാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനുവേണ്ടി ഗോൾവല കാത്തത് ബാദുഷയായിരുന്നു. ബാദുഷ നാല് വര്‍ഷം ജില്ലാ സ്‌കൂള്‍ ടീമിലും കഴിഞ്ഞവര്‍ഷം കേരള ടീമിലും കളിച്ചു.

രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഒലവക്കോട് കനാൽ പുറമ്പോക്കിൽ ഓലപ്പുരയിൽ കഴിയുന്ന ഫുട്ബോൾ താരം ബാദുഷയെക്കുറിച്ച് ഇന്നലെ മാതൃഭൂമി നൽകിയ വാർത്ത ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. വിലക്കുറവിൽ ബൂട്ട് ലഭിക്കുമെന്ന് അറിഞ്ഞ് കോയമ്പത്തൂരിൽ പോയി, പണം തികയാതെ ഒടുവിൽ നിരാശനായി മടങ്ങിയെത്തിയ ഇന്ത്യൻ സ്‌കൂൾ ഫുട്ബോൾ കീപ്പർ ബാദുഷയെ ഞാൻ ഇന്നലെ ഫോണിൽ വിളിച്ചു. ഏഷ്യൻ സ്‌കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻജേഴ്‌സി അണിഞ്ഞയാളാണ് ഈ മിടുക്കൻ. ഏറെ ആഗ്രഹിച്ച ബൂട്ട് നാളെ വീട്ടിൽ എത്തിച്ചു കൊടുക്കാം എന്ന് ഞാൻ വാക്ക് കൊടുത്തു. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഗോൾവല കാത്ത കരുത്തനായ ഗോളിയ്ക്ക് പടവുകൾ ഇനിയും ചവിട്ടികയറാനുണ്ട്.

ഉമ്മ ഖദീജയെ നോക്കുമെന്നും നന്നായി ഇനിയും കളിക്കുമെന്നും പുതുപ്പരിയാരം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ബാദുഷ ഉറച്ചശബ്ദത്തിലൂടെ പറഞ്ഞപ്പോൾ നിശ്ചയദാർഢ്യത്തിന്റെ സ്വരമാണ് എന്റെ കാതിൽ മുഴങ്ങിയത്. പാലക്കാട് ഡിസിസി പ്രസിടണ്ട് ശ്രീകണ്ഠൻ ,വൈസ് പ്രസിടന്റ്റ് പിവി രാജേഷ് എന്നിവർ നാളെ ബൂട്ട് സമ്മാനിക്കും. രാജ്യത്തിന്റെ അഭിമാനമായ ബാദുഷയ്ക്ക് സീനിയർ ടീമിൽ കളിക്കാൻ കഴിയട്ടെ. പാലക്കാട് എത്തുമ്പോൾ വീട്ടിലേക്ക് വരണമെന്ന ബാദുഷയുടെ ക്ഷണം ഞാൻ സ്വീകരിച്ചിരിക്കുന്നു. ബാദുഷയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ