തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളെ മടക്കി കൊണ്ടുവരുന്നതില്‍ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ പാളിച്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിര്‍ത്തികളില്‍ സര്‍വത്ര ആശയക്കുഴപ്പമാണെന്നും ഏകോപനമില്ലായ്മയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

മലയാളികള്‍ക്ക് നിലവില്‍ അതിര്‍ത്തികളില്‍ എത്താന്‍ സാധിക്കുന്നില്ല. മലയാളികളെ എത്തിക്കാൻ പ്രത്യേക ട്രെയിൻ ആവശ്യപ്പെടാത്തത് ഗുരുതര പിഴവാണ്. പ്രമുഖ നഗരങ്ങളിൽനിന്ന് നോൺ സ്റ്റോപ് സ്പെഷൽ ട്രെയിൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വാഹനത്തില്‍ മലയാളികള്‍ എത്തണമെന്നത് പ്രായോഗികമല്ല. കെഎസ്ആര്‍ടിസി ബസുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Read More: ആശ്വാസ തീരത്തേക്ക്; ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി തുടങ്ങി

ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കു പോലും കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല. മടങ്ങിയെത്തുന്ന മലയാളികള്‍ അതിര്‍ത്തി ജില്ലകളില്‍നിന്ന് പാസ് വാങ്ങണമെന്നത് പ്രായോഗികമല്ലെന്നും ചെന്നിത്തല പറഞ്ഞു.

സോണുകൾക്കിടയിലെ യാത്രയുടെ കാര്യത്തിൽ അവ്യക്തതയുണ്ട്. അന്തർ ജില്ലാ യാത്രകൾക്ക് കലക്ടറുടെ അനുമതി വേണമെന്നത് പ്രായോഗികമല്ല. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് അവ്യക്തമാണ്, ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രവാസികളുടെ മടക്കത്തിന് കര്‍ശന ഉപാധികള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും ചെന്നിത്തല വിമര്‍ശിച്ചു. പ്രവാസികളോടുള്ള കേന്ദ്രത്തിന്റെ നിലപാട് ശരിയല്ല. കേന്ദ്രം വിട്ടുവീഴ്ചയ്ക്കു തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രവാസികളെ മടക്കി എത്തിക്കാനുള്ള കേരളത്തിന്റെ മാനദണ്ഡം അംഗീകരിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഇതോടെ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്ന എല്ലാ മലയാളി പ്രവാസികള്‍ക്കും തിരിച്ചെത്താന്‍ സാധിക്കില്ല. നാലു ലക്ഷത്തിലധികം പ്രവാസികളാണ് മടങ്ങിവരവിനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുന്നത്. എന്നാല്‍ കേന്ദ്ര പട്ടികയില്‍ ആകെ രണ്ട് ലക്ഷം പേര്‍ മാത്രമാണ് മടങ്ങിയെത്താൻ അനുമതിയുളളത്. നിലവില്‍ അടിയന്തര സ്വഭാവമുള്ളവരെയും വീസ കാലാവധി തീര്‍ന്നവരെയും മാത്രമേ എത്തിക്കുകയുള്ളുവെന്നാണ് കേന്ദ്ര നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.