/indian-express-malayalam/media/media_files/uploads/2017/02/ramesh-chennithala-759.jpg)
തിരുവനന്തപുരം: ഇ.അഹമ്മദ് അന്തരിച്ച് മണിക്കൂറുകൾക്കുള്ളിൽ പാർലമെന്റ് യോഗം ചേർന്ന് ബജറ്റ് അവതരിപ്പിച്ചത് കേരളത്തെ അപമാനത്തിൽ ആഴ്ത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തിലെ നിലപാട് അറിയിച്ചത്.
പാർലമെന്റിൽ നയപ്രഖ്യാപന പ്രസംഗം രാഷ്ട്രപതി പ്രണബ് മുഖർജി നടത്തിക്കൊണ്ടിരിക്കുകയാണ് ഇ.അഹമ്മദ് കുഴഞ്ഞു വീഴുന്നത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് നടന്നത് മുഴുവൻ ദുരൂഹത നിറഞ്ഞ സംഭവങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി ആർ.എം.എൽ ആശുപത്രിയിൽ ഇ.അഹമ്മദിനെ കേന്ദ്രമന്ത്രി ജിതേന്ദ്രകുമാർ സന്ദർശിച്ച ശേഷം ഐസിയുവിൽ നിന്നും ട്രോമാ കെയറിലേക്കു മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ബുള്ളറ്റിൻ പുറത്തുവിട്ടില്ല. വിവരമറിഞ്ഞു മസ്കറ്റിൽ നിന്നെത്തിയ മകൾ ഡോ.ഫൗസിയ, മകൻ നസീർ എന്നിവർക്ക് ഇ.അഹമ്മദിനെ കാണാൻ അനുവദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മുൻകേന്ദ്രമന്ത്രിയും പാർലമെന്റ് അംഗവുമായ ഇ അഹമ്മദ് അന്തരിച്ചു മണിക്കൂറുകൾക്കുള്ളിൽ പാർലമെന്റ് കൂടി ബജറ്റ് അവതരിപ്പിച്ച കേന്ദ്രസർക്കാർ നടപടി കേരളത്തെ അപമാനത്തിലാഴ്ത്തിയിരിക്കുകയാണ്. പത്ത് വർഷം കേന്ദ്രമന്ത്രിയും 26 വർഷം എംപിയുമായി രാജ്യത്തെ സേവിച്ച അഹമ്മദ് സാഹിബ് മരിച്ചു കിടക്കുമ്പോഴാണ് മോദി സർക്കാർ ബജറ്റ് അവതരിപ്പിച്ചത്. പാർലമെന്റിൽ നയപ്രഖ്യാപന പ്രസംഗം രാഷ്ട്രപതി പ്രണാബ് മുഖർജി നടത്തികൊണ്ടിരിക്കെയാണ് ഇ അഹമ്മദ് കുഴഞ്ഞു വീഴുന്നത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് നടന്നത് മുഴുവൻ ദുരൂഹത ചൂഴ്ന്നു നിൽക്കുന്ന സംഭവങ്ങളായിരുന്നു.
ഇന്നലെ രാത്രി ആർ.എം.എൽ ആശുപത്രിയിലെ ഇ അഹമ്മദിനെ കേന്ദ്രമന്ത്രി ജിതേന്ദ്രകുമാർ സന്ദർശിച്ച ശേഷം ഐ.സി.യു വിൽ നിന്നും ട്രോമാ കെയറിലേക്കു മാറ്റുകയായിരുന്നു. അദ്ദേഹത്തിൻറെ ആരോഗ്യ നില സംബന്ധിച്ച് ബുള്ളറ്റിൻ പുറത്തുവിട്ടില്ല. വിവരമറിഞ്ഞു മസ്കറ്റിൽ നിന്നെത്തിയ മകൾ ഡോ ഫൗസിയ, മകൻ നസീർ എന്നിവരെ കാണാൻ പോലും അനുവദിച്ചില്ല. അർധരാത്രി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി , ഉപാധ്യക്ഷൻ രാഹുൽഗാന്ധി എന്നിവർ എംപിമാരുമായി ആശുപത്രിയിട്ടും അനിശ്ചിതത്വം നീട്ടികൊണ്ടുപോകുകയായിരുന്നു. നിരുത്തരവാദിത്വപരമായ ഈ അവസ്ഥ രണ്ടു മണിക്കൂർ നീണ്ടു എന്നത് രാജ്യത്തിനാകെ അപമാനമാണ്. അഹമ്മദ് സാഹിബിന്റെ മക്കൾ ഒടുവിൽ പോലീസിൽ പരാതി നൽകുന്ന ഘട്ടം വരെ എത്തിച്ചു.
പുലർച്ചെ രണ്ടുമണിയോടെ മരണം പ്രഖ്യാപിക്കുകയായിരുന്നു. ഇ അഹമ്മദിനൊപ്പം മന്ത്രിയും എംപിയുമൊക്കെ ആയിരുന്ന ഞാൻ വിവരമറിഞ്ഞ ഉടൻ ഡൽഹിയിൽ എത്തി. മരണത്തോടൊപ്പം താങ്ങാൻ കഴിയാത്തതാണ് കേരളത്തിനേറ്റ കടുത്ത അപമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദ് സാഹിബിന്റെ കുടുംബത്തോടും കേരളത്തോടും മാപ്പ് പറയണം. ഇതുകൂടാതെ അങ്ങേയറ്റം വേദനാജനകമായ ഈ സംഭവത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവരെ മാതൃകാ പരമായി ശിക്ഷിക്കണം.
സിറ്റിംഗ് എംപി മരിച്ചാൽ സഭചേർന്നു അനുശോചനം അറിയിക്കുകയും അന്നത്തേക്കു പിരിയുകയും ചെയ്യുന്നതാണ് പാർലമെന്റ് കീഴ്വഴക്കം. ഐക്യരാഷ്ട്രസഭയിൽ അടക്കം ഇന്ത്യയുടെ യശസ് ഉയർത്തിയ അഹമ്മദ് സാഹിബിന്റെ മരണശേഷം ആദരവ് അർപ്പിക്കുന്നതിനായി പ്രതിപക്ഷം സമരം ചെയ്യേണ്ട അവസ്ഥ അപലപനീയമാണ്. ലോകരാജ്യങ്ങളുടെ ഇന്ത്യയെ കൂട്ടിയിണക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച ഇ. അഹമ്മദിന്റെ ഓർമകളുടെ മുന്നിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെ അന്തിമോപചാരം അർപ്പിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.