തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ ഗുണ്ടകൾ സദാചാര പോലീസ് ചമഞ്ഞു മൂന്നുപേരെ മർദ്ദിച്ചു എന്ന വാർത്ത ഒട്ടും അതിശയം സൃഷ്ടിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവർ ഉയർത്തുന്ന സ്വാതന്ത്ര്യം,ജനാധിപത്യം,സോഷ്യലിസം എന്ന മുദ്രാവാക്യം എത്രയോ നാളുകളായി ഈ കലാലയത്തിൽ ചവിട്ടി മെതിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

വേട്ടക്കാരനും ഇരയ്ക്കും ഒപ്പം ഓടാൻ അറിയാവുന്ന സംഘടനയാണ് എസ്.എഫ്.ഐ. ട്രാൻസ്‌ജെൻഡർ മെമ്പർ ഷിപ് ഒരു ഭാഗത്ത് ഏർപ്പെടുത്തുമ്പോൾ മറുഭാഗത്ത് സദാചാര പോലീസ് കളിക്കുന്നു. രണ്ടു റോളുകളും ഭംഗിയായി അവർ ആടുന്നു. മറ്റു വിദ്യാർത്ഥി സംഘടന പ്രവർത്തനം പോയിട്ട് തെരെഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കാൻ പോലും എസ്.എഫ്.ഐ ഹിറ്റ്ലർമാർ അനുവദിക്കാറില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

രാജ്യത്തെ അസഹിഷ്ണുതയെ പറ്റി വാചാലമാകുകയും സ്വന്തം കലാലയത്തിൽ സഹപാഠികളെ തല്ലിച്ചതയ്ക്കുകയും അവരുടെ മേൽ ചാപ്പ കുത്തുകയും ചെയ്യുന്ന നയമാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്.സ്വാശ്രയ കോളേജുകളുടെ ഇടിമുറികൾക്കെതിരേ സമരം ചെയ്യുകയും ഒരു സർക്കാർ കോളേജ് കാമ്പസ് മൊത്തം ഇടിമുറിയാക്കുകയും ചെയ്യുന്ന രീതി എസ് എഫ് ഐ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജിജേഷ് , അഷ്മിത , സൂര്യ ഗായത്രി എന്നിവർക്കാണ് മർദ്ദനമേറ്റത്. 13 എസ് എഫ് ഐ ക്കാർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മർദനമേറ്റ മൂന്നുപേരും നിയമവഴിയിൽ മുന്നോട്ട് പോകുന്നു. വനിതാ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും ഇവർ പരാതി നൽകുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവർക്ക് എല്ലാ പിന്തുണയും നൽകുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.