കോട്ടയം: ബാർകോഴഴ കേസിലെ കേരളാ കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. കേസിൽ മുൻ ധനമന്ത്രി കെ. എം മാണിക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് വ്യക്താക്കുന്നതാണ് കേരളാ കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട്.
കെഎം മാണിയെ കുടുക്കാൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് നേതാക്കളും പിസി ജോർജ്ജും ഗൂഢാലോചന നടത്തിയെന്നാണ് കേരളാ കോൺഗ്രസ് അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അടക്കം അറിവുണ്ടായിരുന്നു എന്നും കേരളാ കോൺഗ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
കേരള കോൺഗ്രസിന്റെ ആഭ്യന്തര റിപ്പോർട്ട് ജോസ് കെ മാണി പക്ഷമാണ് പുറത്തുവിട്ടത്. സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. സിഎഫ് തോമസ് അധ്യക്ഷനായ സമിതിയെ പാർട്ടി ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ചെങ്കിലും റിപ്പോർട്ട് നൽകിയിരുന്നില്ല, തുടർന്നാണ് സ്വകാര്യ ഏജൻസിയെ കെഎം മാണി അന്വേഷണം ഏൽപ്പിക്കുന്നത്. ഇതാണിപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ കേരളാ കോൺഗ്രസ് അവതരിപ്പിക്കുന്നതും.
Read More: എതിർക്കാതെ സിപിഐ; ജോസ് കെ.മാണിയുടെ എൽഡിഎഫ് പ്രവേശനം തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്
കെ. എം മാണിയോടുള്ള വ്യക്തി വൈരാഗ്യവും അധികാരക്കൊതിയും കേരളാ കോൺഗ്രസിനോടുള്ള വിരോധവും കാരണം ചില കോൺഗ്രസ് നേതാക്കൾ കെ. എം മാണി സർക്കാരിനെ മറച്ചിടുമെന്ന് കള്ളക്കഥയുണ്ടാക്കി. മാണിയെ വ്യക്തിഹത്യ ചെയ്ത് അദ്ദേഹത്തേയും പാർട്ടിയേയും ഇല്ലായ്മ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തിയെന്ന് റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.
മാണിയെ സമ്മർദത്തിലാക്കി പിന്തുണ നേടിയെടുത്ത് ഉമ്മൻചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാനായിരുന്നു ചെന്നിത്തലയുടെ പദ്ധതി. എന്നാൽ ഉമ്മൻചാണ്ടി ഈ ശ്രമം തിരിച്ചറിഞ്ഞതോടെ പുനഃസംഘടനയിലേക്ക് കാര്യങ്ങൾ എത്തിക്കാനായിരുന്നു ചെന്നിത്തലയുടെ ശ്രമം. അതിനായി മന്ത്രിസഭയെ മറിച്ചിടാനായി ശ്രമം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കെ.എം.മാണിയെ പിന്നില്‍ നിന്ന് കുത്തിയെന്ന് അദ്ദേഹം പലതവണ ആവര്‍ത്തിച്ചിരുന്നു. ബാര്‍കോഴക്കേസിൽ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കണ്ടെത്തൽ എന്താണെന്ന് പറയാൻ കേരളാ കോൺഗ്രസ് തയ്യാറായിരുന്നില്ല. യുഡിഎഫ് വിട്ട് ജോസ് കെ മാണിയും സംഘവും ഇടത് സഹകരണം ഉറപ്പാക്കിയ ശേഷവും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ജോസ് കെ മാണി ഒഴിഞ്ഞുമാറുകയായിരുന്നു.
മാണിയേയും കേരളാ കോൺഗ്രസ് പാർട്ടിയേയും വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രത്തിലൂടെ മുഖ്യമന്ത്രി മോഹം പൂവണിയിക്കാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമമായിരുന്നു നീതി ബോധത്തിനും സാമാന്യ മര്യാദയ്ക്കും നിരക്കാത്ത രീതിയിലുള്ള കേസന്വേഷണത്തിന്റെ പിന്നിലെ കാരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.