തിരുവനന്തപുരം: ടിപി സെൻകുമാര്‍ കേസില്‍ വ്യക്തത തേടിയ സര്‍ക്കാരിന് സുപ്രിംകോടതിയില്‍ കനത്ത തിരിച്ചടി തന്നെയാണ് ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധിയില്‍ വ്യക്തത തേടിയ ഹർജി കോടതി തള്ളിയത് കനത്ത പ്രഹരമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു നിമിഷം പോലും വൈകാതെ സെന്‍കുമാറിനെ നിയമിക്കുകയാണ് സര്‍ക്കാരിന് മുമ്പിലുള്ള ഏക വഴിയെന്നും ചെന്നിത്തല പറഞ്ഞു.

“ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കാന്‍ നില്‍ക്കാതെ വിധി നടപ്പാക്കണം. സര്‍ക്കാരിന്റെ ദുരഭിമാനത്തിന് ഏറ്റ തിരിച്ചടിയാണിത്. 25,000 രൂപ അടയ്ക്കണമെന്ന് കോടതി ഉത്തരവിടുമ്പോള്‍ ജനങ്ങളുടെ പണമാണ് സര്‍ക്കാര്‍ കാരണം പാഴാകുന്നതെന്നും” ചെന്നിത്തല വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ കോടതി സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസും അയച്ചിട്ടുണ്ട്. 25,000 രൂപ കോടതിച്ചെലവ് സര്‍ക്കാര്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കോടതിയുടെ സമയം പാഴാക്കിയതിനാണ് പിഴയിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ