തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയിൽ തടസവാദം ഉന്നയിക്കും. കയ്യാങ്കളി കേസ് പിൻവലിക്കുന്ന വിവരം ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ സർക്കാർ ഉന്നയിക്കും. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് തടസ ഹർജി നൽകുന്നത്. ബിജെപി നേതാവ് കുമ്മനം രാജശേഖരനും തടസ ഹര്‍ജി നല്‍കുന്നുണ്ട്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം.മാണിക്കെതിരെ ഉയർന്ന ബാർകോഴ ആരോപണത്തിന്റെ പേരിലാണ് നിയമസഭയിൽ പ്രതിപക്ഷം കയ്യാങ്കളി നടത്തുകയും സ്പീക്കറുടെ ഡയസും കസേരയും തകർത്തത്. 2015 മാർച്ച് 13-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ധനമന്ത്രിയായിരുന്ന മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരേ തുടങ്ങിയ പ്രതിപക്ഷ പ്രതിഷേധമാണ് കയ്യാങ്കളിയിലും അക്രമത്തിലും കലാശിച്ചത്.