തിരുവനന്തപുരം: സ്ത്രീവിരുദ്ധമായ രംഗങ്ങളില്‍ ഇനിമേല്‍ താന്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച പൃഥ്വിരാജിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുവരെ നടത്തിയ സ്ത്രീവിരുദ്ധ അഭിനയങ്ങൾക്കു മാപ്പ് പറഞ്ഞും ഇനിമേൽ ഇത്തരം വേഷങ്ങൾ ഒഴിവാക്കുമെന്നും ഫേസ്ബുക്കിൽ കുറിച്ച മലയാളിയുടെ പ്രിയനടൻ പൃഥ്വിരാജിനെ ഹൃദയം തുറന്നു അഭിനന്ദിക്കുന്നതായി അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ മദ്യപാനത്തിന്റെയും പുകവലിയുടെയും ദൃശ്യങ്ങൾ സ്‌ക്രീനിൽ വരുമ്പോൾ ഇവയെല്ലാം ആരോഗ്യത്തിനു ഹാനീകരണം ആണെന്ന ബോധവൽക്കരണ അറിയിപ്പും കൂടെ പ്രത്യക്ഷപ്പെടാറുണ്ട്. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്ന രംഗം ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. സിനിമയിൽ മൃഗങ്ങളെ ഉപദ്രവിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം വരെ ഇപ്പോൾ ബാധകമാക്കാറുണ്ട്. സിനിമയിലെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും മനുഷ്യ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുമെന്നതിനാലാണ് ഇത്രയും നിയന്ത്രണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ കാര്യങ്ങളിൽ പോലും ഇത്രയും ശ്രദ്ധയുള്ള സിനിമയിൽ, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും എങ്ങനെ ഉൾപ്പെടുന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഇത്തരം ഡയലോഗുകൾ കേട്ട് കയ്യടിക്കാൻ മലയാളിയുടെ ഉന്നത സാംസ്കാരിക ബോധം എങ്ങനെ അനുവദിക്കുന്നു എന്നും അദ്‌ഭുതപ്പെടാറുണ്ട്. നമ്മുടെ നിലപാട് തന്നെയാണ് നമ്മുടെ വിധി നിശ്‌ചയിക്കുന്നത്. പൃഥ്വിരാജിന്റെ ഈ നിലപാട് മലയാള സിനിമയുടെ ചരിത്രത്തിൽ നാഴികക്കല്ലാകും എന്നതിൽ സംശയമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ