/indian-express-malayalam/media/media_files/uploads/2020/06/ramesh-chennithala.jpg)
തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ നടത്തിയ വിവാദ പ്രസ്‌താവനയിൽ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. "ഡിവൈഎഫ്‌ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാവൂയെന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ"യെന്ന വിവാദ പ്രസ്താവനയാണ് ചെന്നിത്തല പിൻവലിച്ചത്. വിദൂരമായി പോലും മനസിൽ ഉദ്ദേശിക്കാത്ത പരാമർശമാണ് തന്നിൽ നിന്നുണ്ടായതെന്നും അതിനിടയാക്കിയ വാക്കുകൾ പിൻവലിച്ച് അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ചെന്നിത്തല ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇന്നലെ വാർത്താസമ്മേളനത്തിനിടെയാണ് രമേശ് ചെന്നിത്തല വിവാദ പ്രസ്‌താവന നടത്തിയത്. കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ കോൺഗ്രസ് അനുകൂല എൻജിഒ അസോസിയേഷൻ നേതാവല്ലേയെന്ന ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ വിവാദ മറുപടി.
Read Also: കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റേണ്ടതില്ല; ബോംബെ ഹൈക്കോടതിയുടെ സ്റ്റേ
വിവാദപരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പുപറയണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തിയിരുന്നു. ‘സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ശെെലജ ടീച്ചർ ആവശ്യപ്പെട്ടു. സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫെെൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവരും ചെന്നിത്തലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
രമേശ് ചെന്നിത്തലയുടെ വാക്കുകൾ
കേരളീയ സമൂഹം ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീ പീഡന സംഭവങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പോലുമുണ്ടായിരിക്കുന്നത്. കോവിഡ് രോഗികളെപ്പോലും പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടായി.
എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറല്‍ പോലും ഉണ്ടാകാനിടയാകരുത് എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്. അത്തരം ചില പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. എന്റെ പൊതുജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീകൾക്കെതിരായി മോശപ്പെട്ട പരാമർശം ഉണ്ടായിട്ടില്ല.
ഇന്നലെ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുന്ന അവസരത്തിൽ വിദൂരമായി പോലും, മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോൾ മനസിലായി. അത്തരം ഒരു പരാമർശം ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഞാൻ ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്. എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നു.
സർക്കാർ സംവിധാനത്തിൽ സംഭവിച്ച ഗുരുതരമായ പിഴവിന്റെ ഫലമായിട്ടാണ് കേരളത്തിൽ രണ്ട് യുവതികൾ പീഡനത്തിനു ഇരയായായത്. ആറന്മുളയിലെ ആംബുലൻസിൽ പീഡിപ്പിച്ചതിന്റെയും തിരുവനന്തപുരത്തു ഹെൽത്ത് ഇൻസ്പെക്ടർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിന്റെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണ്.
ലോകത്തിന്റെ മുന്നിൽ കേരളത്തെ തീരാകളങ്കത്തിലേക്കു തള്ളിയിട്ട ഈ രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്‌ചയും അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.