കൊച്ചി: കിഫ്ബിക്കെതിരെ അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കിഫ്ബിയുടെ മസാല ബോണ്ടുകളിലാണ് അഴിമതി നടന്നതായി ചെന്നിത്തല ആരോപിക്കുന്നത്. മസാല ബോണ്ടില്‍ പ്രധാനമായും നിക്ഷേപം നടത്തിയിരിക്കുന്നത് എസ്എന്‍സി ലാവ്‌ലിനുമായി ബന്ധപ്പെട്ട സിഡിപിക്യു കമ്പനിയാണെന്നാണ് ചെന്നിത്തലയുടെ ആരോപണം.
അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിയാണ് ലാവ്‌ലിന്‍ അങ്ങനെയുള്ള കമ്പനിയുമായി ബന്ധപ്പെട്ട കമ്പനി എങ്ങനെ സര്‍ക്കാരിന്റെ മസാല ബോണ്ടുകളില്‍ നിക്ഷേപം നടത്തുമെന്ന് ചെന്നിത്തല ചോദിച്ചു. ഇതിന് പിന്നില്‍ ഒത്തുകളിയും വന്‍ അഴിമതിയുമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
മസാല ബോണ്ടുകളില്‍ സിഡിപിക്യുവിന് 20 ശതമാനം ഓഹരിയാണുള്ളത്. എസ്എന്‍സി ലാവ്‌ലിന്‍ എന്ന വിവാദ കമ്പനിയുമായി സര്‍ക്കാര്‍ എന്തിന് ഇടപാട് നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
മസാല ബോണ്ട് സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും പുറത്ത് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സിഡിപിക്യുവും ലാവ്‌ലിനും തമ്മിലുള്ള ബന്ധമെന്തെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.