scorecardresearch

ബ്രൂവറി തീരുമാനം പിണറായി രഹസ്യമാക്കിവച്ചതെന്തിന്? പത്ത് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

"പുതുതായി ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ പോകുന്ന വിവരം ഇപ്പോള്‍ അവ ലഭിച്ച നാല് പേര്‍ മാത്രം എങ്ങനെ അറിഞ്ഞു? "

"പുതുതായി ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ പോകുന്ന വിവരം ഇപ്പോള്‍ അവ ലഭിച്ച നാല് പേര്‍ മാത്രം എങ്ങനെ അറിഞ്ഞു? "

author-image
WebDesk
New Update
ramesh chennithala, രമേശ് ചെന്നിത്തല, kifbi,കിഫ്ബി, snc lavlin,എസ്എന്‍സി ലാവ്ലിന്‍, masala bonds,മസാല ബോണ്ട്, ie malayalam, ഐഇ മലയാളം

കോഴിക്കോട്: സംസ്ഥാനത്ത് പുതിയതായി ബ്രൂവറി അനുവദിച്ച വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് എക്‌സൈസ് മന്ത്രിക്ക് മറുപടിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല എക്‌സൈസ് വകുപ്പിനോട് പത്ത് ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

Advertisment

1. സംസ്ഥാനത്ത് 1999 മുതല്‍ നിര്‍ത്തി വച്ചിരുന്ന ഡിസ്റ്റിലറി, ബ്രൂവറി ലൈസന്‍സ് നല്‍കല്‍ വീണ്ടും ആരംഭിച്ചത് ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്? ഉത്തരവിന്റെ പകര്‍പ്പ് പുറത്തു വിടാമോ?

2. അബ്കാരി രംഗത്ത് ഏത് ലൈസന്‍സിനും ഒരു വര്‍ഷമാണ് കാലാവധി എന്നതിനാല്‍ സര്‍ക്കാരുകള്‍ വര്‍ഷാവര്‍ഷം മാര്‍ച്ച് 31 ന് മുന്‍പായി പുതുക്കിയ അബ്കാരി നയം പുറപ്പെടുവിക്കാറുണ്ട്. അതനുസരിച്ച് എപ്പോഴത്തെ അബ്കാരി നയമനുസരിച്ചാണ് സംസ്ഥാനത്ത് മൂന്ന് ബ്രുവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത്? ആ അബ്കാരി നയത്തിന്റെ പകര്‍പ്പ് പരസ്യപ്പെടുത്താമോ?

3. 1999 മുതല്‍ നിലനില്‍ക്കുന്ന സുപ്രധാനമായ ഒരു നയം മാറ്റുമ്പോള്‍ ഭരണമുന്നണിയുടെ നയരൂപീകരണ സമിതിയായ ഇടതു മുന്നണി ഏകോപന സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നോ?

Advertisment

4. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ വ്യതിയാനം വരുത്തുമ്പോള്‍ അക്കാര്യം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കണമെന്ന റൂള്‍സ് ഓഫ് ബിസിനസിലെ സെക്ഷന്‍ 20 അനുസരിച്ചുള്ള നിബന്ധന ഇക്കാര്യത്തില്‍ പാലിച്ചിട്ടുണ്ടോ? എങ്കില്‍ ഏത് മന്ത്രിസഭാ യോഗത്തിലാണ് അക്കാര്യം ചര്‍ച്ച ചെയ്തത്?

5. ബ്രൂവറികളും ഡിസ്റ്റിലറിയും വന്‍തോതില്‍ ജലം ഉപയോഗിക്കുന്നവയാണ്. ഓരോ ബ്രൂവറിക്കും എന്തു മാത്രം ജലം ആവശ്യമാണെന്നും ഇവ അനുവദിച്ച സ്ഥലങ്ങളില്‍ ജലലഭ്യത ഉണ്ടോ എന്ന കാര്യത്തില്‍ പഠനം നടത്തിയിട്ടുണ്ടോ? ഇത് സംബന്ധിച്ച പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോ?

6. പുതുതായി ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ പോകുന്ന വിവരം ഇപ്പോള്‍ അവ ലഭിച്ച നാല് പേര്‍ മാത്രം എങ്ങനെ അറിഞ്ഞു?

7.1975 ലെ കേരളാ ഫോറിന്‍ ലിക്കര്‍ (കോംപൗണ്ടിംഗ്, ബ്ളെന്‍ഡിംഗ് ആന്റ് ബോട്ടിലിംഗ്) റൂള്‍ അനുസരിച്ച് അപേക്ഷയോടൊപ്പം കെട്ടിടത്തിന്റെ പളാന്‍, മെഷിനറിയുടെ വിശദാംശം ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങളുടെ വിശദാംശം ഉള്‍ക്കൊള്ളിക്കണമെന്ന് നിബന്ധന ഉണ്ട്. ഇവിടെ അപേക്ഷകളില്‍ അവ നല്‍കിയിട്ടുണ്ടോ? അനുമതി നല്‍കി കഴിഞ്ഞ സ്ഥിതിക്ക് ഇനി എക്സൈസ് കമ്മീഷണര്‍ ലൈസന്‍സ് നല്‍കുന്നത് ഏറ്റവും ഒടുവിലത്തെ സാങ്കേതിക കാര്യം മാത്രമാണെന്ന വസ്തുത മന്ത്രി എന്തിനാണ് മറച്ചു വയ്ക്കുന്നത്?

8. ജി.ഒ.(ആര്‍.ടി) നമ്പര്‍ 507/2018 / നികുതി വകുപ്പ് ആയി 12/7/2018 ലെ ഉത്തരവ് അനുസരിച്ച് ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന് വിദേശ മദ്യത്തിന്റെ കോംപൗണ്ടിംഗ്, ബ്ളെന്‍ഡിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റ് തുടങ്ങാന്‍ തൃശ്ശൂര്‍ ജില്ലയില്‍ എവിടെയാണ് അനുമതി നല്‍കിയത്? ആ സ്ഥലത്തിന്റെ സര്‍വ്വേ നമ്പര്‍ വെളിപ്പെടുത്താമോ?

9. വിദേശ മദ്യത്തിന്റെ കോംപൗണ്ടിംഗ്, ബ്ളെന്‍ഡിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റ് തുടങ്ങാന്‍ ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ അപേക്ഷയിന്മേല്‍ തൃശ്ശൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എക്സൈസ് കമ്മീഷണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നോ? എങ്കില്‍ അതിന്റെ പകര്‍പ്പ് പുറത്തു വിടാമോ?

10. പുതുതായി ഡിസ്റ്റിലറികള്‍ അനുവദിക്കേണ്ടതില്ല എന്ന 1999 ലെ ഉത്തരവ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് മാത്രമാണെന്നും അതിന് പ്രാധാന്യമില്ലെന്നുമാണെങ്കില്‍ 2006ലെ ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് പോലും ആ ഉത്തരവ് അനുസരിച്ച് നിരവധി ഡിസ്റ്റിലറിക്കുള്ള അപേക്ഷകള്‍ നിരസിച്ചതിന്റെ കാരണം വ്യക്തമാക്കാമോ?

രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് ഇപ്പോൾ മറുപടിപറയുന്നില്ലെന്നായിരുന്നു എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. അഴിമതി ആരോപണം ഉന്നയിച്ചാൽ അത് അഴിമതി ആകില്ലെന്നും. അത് ഉന്നയിച്ചവരാണ് അത് തെളിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Liquor Pinarayi Vijayan Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: