തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ നടന്നത് വൻ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട വലിയ അഴിമതി കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയത്. ചട്ടങ്ങളെ കാറ്റിൽ പറത്തിയുള്ള ക്രമക്കേടുകളാണ് നടന്നത്. കൊള്ള നടന്നുവെന്ന് ബോധ്യപ്പെട്ടതിനു ശേഷം പദ്ധതിക്ക് അനുമതി നൽകിയത് ക്യാബിനറ്റിന്റെ വലിയ പിഴയാണ്. ഇത്തരമൊരു സാഹചര്യത്തിൽ പദ്ധതിക്ക് അനുമതി നൽകുകയാണോ മന്ത്രിസഭ ചെയ്യേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.
സർക്കാരിന്റെ അറിവോടെയാണ് അഴിമതി നടന്നിട്ടുള്ളത്. മന്ത്രിസഭയുടെ ഉത്തരവിൽ തന്നെ ഇത് പ്രകടമാണ്. കുറ്റവാളികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമം. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ അന്വേഷണം പ്രതിപക്ഷം ചവറ്റുകൊള്ളയില്‍ തള്ളുകയാണെന്നും ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കൊള്ളയെ വെള്ളപൂശാനാണ് മന്ത്രി പി.രാജീവ് ശ്രമിച്ചത്. കള്ളന്മാർക്ക് കവചമൊരുക്കുകയാണ് മന്ത്രി. ഈ ഇടപാടിന്റെ ഉത്തരവാദിത്തത്തിൽനിന്ന് സർക്കാരിന് ഒഴിഞ്ഞു മാറാനാവില്ല. മന്ത്രിസഭയ്ക്ക് ഈ അഴിമതിയിൽ കൂട്ടുത്തരവാദിത്തമുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടണമെന്ന് താനും പ്രതിപക്ഷ നേതാവും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഇടപാടുമായി ബന്ധപ്പെട്ട നാല് കരാർ രേഖൾ താൻ പുറത്തുവിടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
രണ്ടാം എസ്എൻസി ലാവ്‌ലിനാണ് എഐ ക്യാമറ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണ്. സ്വർണ കള്ളക്കടത്തിന്റെ കേന്ദ്രം, ലൈഫ് മിഷൻ അഴിമതിയുടെ കേന്ദ്രം, എന്നപോലെ ക്യാമറ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വ്യക്തമാണ്. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ വ്യവസായ മന്ത്രി തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മഹാ മൗനത്തിന്റെ മാളത്തിൽ ഒളിച്ചിരിക്കുകയാണെന്നും സതീശൻ പരിഹസിച്ചു.