കാസര്‍ഗോഡ്: എഐ ക്യാമറ പദ്ധതിയില്‍ 132 കോടിയുടെ അഴിമതി നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എ.ഐ. ക്യാമറ പദ്ധതിയില്‍ കൂടുതല്‍ രേഖകളും മുന്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും മാധ്യമങ്ങളും രേഖകള്‍ പുറത്തുവിട്ടിട്ടും ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും തയ്യാറാകുന്നില്ലെന്നും സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
എഐ ക്യാമറയുമായി ബന്ധപ്പെട്ട് താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രേഖകള്‍ ഉന്നയിച്ചാണ് ഈ അഴിമതികള്‍ പുറത്തുകൊണ്ടുവന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് ഖണ്ഡിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. വ്യവസായ മന്ത്രി കെല്‍ട്രോണിനെ വെള്ളപ്പൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത വിചിത്രമായ നടപടിയാണ് സ്വീകരിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനാകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. കെല്‍ട്രോണിന്റെ രേഖകള്‍ പരിശോധിച്ചാല്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് മനസ്സിലാകും. പ്രധാനപ്പെട്ട പല രേഖകളും മറച്ച് പൊതുയിടത്തിലുള്ള രേഖകളാണ് കെല്‍ട്രോണ്‍ വിശദീകരിക്കുന്നത് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം കെല്‍ട്രോണ്‍ പുറത്തുവിട്ട രേഖകളില്‍ ഗുരുതരമായ ക്രമക്കേട് അദ്ദേഹം ചൂണ്ടികാട്ടി. ‘പത്ത് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമാണ് ടെന്‍ഡറില്‍ പങ്കെടുക്കേണ്ട കമ്പനിക്ക് വേണ്ടത്. എന്നാല്‍ കെല്‍ട്രോണ്‍ വിളിച്ച ടെന്‍ഡറില്‍ പങ്കെടുത്ത അക്ഷര എന്റര്‍പ്രൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത് 2017-ലാണെന്നും ചെന്നിത്തല ആരോപിച്ചു. ഈ കമ്പനിക്ക് എങ്ങനെയാണ് പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയം അവകാശപ്പെടാന്‍ സാധിക്കുമെന്നും ചെന്നിത്തല ചോദിച്ചു.
പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാനോ ജനങ്ങളെ ബോധ്യപ്പെടുത്താനോ ശ്രമിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് യുഡിഎഫ് ജ്യുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നാണ്. ആരാണ് പുകമറ സൃഷ്ടിക്കുന്നത്?. രേഖകളുടെ പിന്‍ബലത്തോടെ പ്രതിപക്ഷം അഴിമതി തുറന്നുകാട്ടിയപ്പോള്‍ അതിന് വ്യക്തമായ മറുപടി പറയാതെ അഴിമതിക്കാരെ സംരക്ഷിക്കുകയാണ് മുഖ്യന്ത്രി ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.