/indian-express-malayalam/media/media_files/uploads/2020/06/ramesh-chennithala.jpg)
തിരുവനന്തപുരം: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗണ്‍ ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം നഗരത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മൂക്കിനു താഴെയുള്ള കാര്യങ്ങള്‍ പോലും ഭദ്രമാണെന്ന് ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് കൂടിയാണ് ഇത് വ്യക്തമാക്കുന്നതെന്ന് വിമർശിച്ച ചെന്നിത്തല, ഞായറാഴ്ച രാത്രി കടകള്‍ അടച്ചുപോയതിനു ശേഷം പൊടുന്നനെ ട്രിപ്പിൾ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാൻ കഴിയാത്ത സാഹചര്യമായി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയമായ ചേരിതിരിവും ഭിന്നതയും സൃഷ്ടിക്കേണ്ട സാഹചര്യമല്ല ഇത്. ഈ നടപടിയിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കുകയും ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
Read More: ജനം വലഞ്ഞു; ട്രിപ്പിൾ ലോക്ക്‌ഡൗണില്‍ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ
അതേസമയം, സര്‍ക്കാരും ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്ന കോവിഡ് പ്രതിരോധ മാര്‍ഗരേഖകള്‍ ജനങ്ങള്‍ അതേ പടി പാലിക്കണമെന്നും പ്രതിപക്ഷനേതാവ് അഭ്യര്‍ഥിച്ചു. ഈ ഘട്ടത്തില്‍ രോഗം വ്യാപിക്കുന്നത് തടയാൻ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പ്രതിപക്ഷം പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മുന്നറിയിപ്പില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ജനങ്ങളെ വലച്ച സാഹചര്യത്തിൽ, സർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾ പൊലീസ് വീട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെ തീരുമാനം. എന്നാൽ, ഇത് പ്രായോഗികമല്ലാത്തതിനാൽ ചില ഇളവുകൾ അനുവദിക്കാൻ സർക്കാർ നിർബന്ധിതരായി.
അവശ്യസാധന വിതരണം അടിയന്തരഘട്ടത്തില്‍ മാത്രമായിരിക്കും. പലചരക്ക്, പാല്‍, പച്ചക്കറി കടകളിലേക്ക് അവശ്യ സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാം. എന്നാൽ, വീടിനു തൊട്ടടുത്തുള്ള കടകളിലേ പോകാവൂ. മരുന്ന് കടയില്‍ പോകാനും അനുമതിയുണ്ട്. പുറത്തിറങ്ങുന്നവർ എന്ത് ആവശ്യത്തിനായാലും അത് വ്യക്തമാക്കി സാക്ഷ്യപത്രം കയ്യിൽ കരുതണം. പച്ചക്കറി, പലചരക്ക് കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കും. പത്ത് ജനകീയ ഹോട്ടലുകള്‍ തുറക്കാൻ തീരുമാനിച്ചു. മെഡി.കോളജിലും ആര്‍സിസിയിലും ജയിലില്‍ നിന്ന് ഭക്ഷണം എത്തിക്കും. അടിയന്തര ആവശ്യങ്ങൾക്ക് മാത്രം 9497900999 എന്ന നമ്പറിൽ പൊലീസിനെ വിളിക്കാം. മരുന്ന് കിട്ടാന്‍: 9446748626, 9497160652, 0471 2333101.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.