തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്ല. ജനങ്ങളെ കബളിപ്പിക്കാനായി കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി ഇപ്പോൾ ഭയം കാരണം സംസ്ഥാന ഏജൻസികളെ ഉപയോഗിച്ച് അതിനു തടയിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് കോടിയേരി ബാലകൃഷ്‌ണന്റെ മകന്റെ വീട്ടിലേക്ക് എത്തിയിരിക്കുന്നത്. കോടതിയിൽ നിന്ന് വാറണ്ട് വാങ്ങിയാണ് തെരച്ചിൽ നടന്നത്. അത് തടസപ്പെടുത്താൻ സംസ്ഥാന ഏജൻസികളെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ചെന്നിത്തല ചോദിച്ചു.

Read Also: വിദേശ സർവകലാശാലകളിൽ ലഭ്യമായ ന്യൂജെൻ എയ്ഡഡ് കോഴ്സുകൾ ഇനി കേരളത്തിലും

കോടിയേരിയുടെ മകനെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെന്നും ചെന്നിത്തല പരിഹസിച്ചു. പാർട്ടി സെക്രട്ടറിയുടെ മകൻ തെറ്റു ചെയ്‌തിട്ടില്ലെന്നു മുഖ്യമന്ത്രിക്ക് പോലും വിശ്വാസമില്ലെന്നാണു അദ്ദേഹത്തിന്റെ ഇന്നലത്തെ പത്രസമ്മേളനം കണ്ടാൽ മനസിലാവുകയെന്ന് ചെന്നിത്തല പറഞ്ഞു. ഒരു ഭാഗത്തു ബിനീഷ് സ്വതന്ത്രവ്യക്തിയാണു പാർട്ടിയുമായി ബന്ധപ്പമില്ല എന്നു പറയുകയും മറുഭാഗത്തു പാർട്ടിയും സർക്കാരും ചേർന്നു വിവിധ ഏജൻസികളെ ഉപയോഗിച്ചു പുകമറ സൃഷ്ടിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Read Also: കോവിഡ്: മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ്‌ സെക്രട്ടറി ഇന്ന് എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരാകില്ല

അതേസമയം, ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തിയ പരിശോധനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാര്യമായി പ്രതികരിച്ചില്ല. എൻഫോഴ്‌സ്‌മെന്റ് നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന ആരോപണം സർക്കാരിനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് ഇന്നലെ ചോദിച്ചിരുന്നു. എന്നാൽ, ഇപ്പോൾ നടക്കുന്നത് അന്വേഷണ ഏജൻസിയുടെ പരിധിയിലുള്ള കാര്യമാണെന്ന് പിണറായി പറഞ്ഞു. നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കുടുംബത്തിന് നിയമപരമായ നടപടികൾ സ്വീകരിക്കാൻ അവകാശമുണ്ട്. റെയ്‌ഡും തുടർ നടപടികളും രാഷ്‌ട്രീയ പ്രേരിതമാണോ എന്ന് ഏജൻസിയുടെ കൈയിലുള്ള വിവരങ്ങൾ അറിയാതെ പറയാൻ സാധിക്കില്ല. വ്യക്തിക്കെതിരെ ഉയർന്നുവരുന്ന അന്വേഷണത്തിന്റെ നിജസ്ഥിതി അറിയാതെ മുൻകൂർ പ്രവചനം നടത്താൻ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.