തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണൻ രാജിവച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടി സെക്രട്ടറിക്ക് മുൻപ് മുഖ്യമന്ത്രിയായിരുന്നു രാജിവയ്ക്കേണ്ടിയിരുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കോടിയേരിയുടെ പാത പിണറായി പിന്തുടരണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
“മുഖ്യമന്ത്രിയുടെ ഓഫീസിലാണ് സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്നു. ആദ്യം മുഖ്യമന്ത്രിയായിരുന്നു രാജിവയ്ക്കേണ്ടിയിരുന്നത്. നേരത്തെ ചികിത്സയുടെ ഭാഗമായി കോടിയേരി വിദേശത്തേക്ക് പോയിരുന്നു. അന്നൊന്നും സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി മാറിനിന്നിട്ടില്ല. കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ രാജിവയ്ക്കാൻ കാരണം പാർട്ടിക്കുള്ളിലെ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങൾ കാരണമാണ്. കോടിയേരിയേക്കാൾ അപമാനം സഹിച്ച് പുറത്തുപോകേണ്ട അവസ്ഥ മുഖ്യമന്ത്രിക്കുണ്ടാകും. രാജിവച്ച് ജനവിധി തേടാനാണ് പിണറായി വിജയൻ തയ്യാറാകേണ്ടത്,” ചെന്നിത്തല പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണൻ മാറിനിൽക്കാൻ തീരുമാനിച്ച വിവരം പുറത്തുവന്നത്. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ കോടിയേരി സന്നദ്ധത അറിയിക്കുകയായിരുന്നു. കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സിപിഎം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം പുറത്തിറക്കി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചത്. എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെയാണ് താൽക്കാലികമായി സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.
Read Also: സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി മാറിനിൽക്കും
തുടർ ചികിത്സയ്ക്കായി ഏപ്രിൽ-മെയ് മാസത്തിൽ കോടിയേരി വീണ്ടും യുഎസിലേക്ക് പോകുമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ചതെന്ന് സൂചനയുണ്ട്. എന്നാൽ, നേരത്തെയും ചികിത്സയുടെ ഭാഗമായി വിദേശത്തേക്ക് പോയിരുന്നെങ്കിലും അന്നൊന്നും കോടിയേരിയെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയില്ല. കോടിയേരി അവധി ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തോട് തുടരാൻ ആവശ്യപ്പെടുകയാണ് അന്ന് പാർട്ടി ചെയ്തത്. എന്നാൽ, ഇപ്പോൾ കോടിയേരിയെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിർത്തിയത് മറ്റ് പല കാരണങ്ങളാൽ ആണെന്നും റിപ്പോർട്ടുകളുണ്ട്. കോടിയേരിയുടെ മകൻ ബിനീഷ് ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായിരുന്നു. ഇത് പാർട്ടിയെയും കോടിയേരി ബാലകൃഷ്ണനെയും പ്രതിരോധത്തിലാക്കി. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറാൻ ഇതും കാരണമായെന്നാണ് സൂചന. എന്നാൽ, പാർട്ടി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ഇതൊന്നും സൂചിപ്പിച്ചിട്ടില്ല.
ബിനീഷിനെതിരായ ആരോപണമുയർന്നപ്പോൾ പാട്ടിയും കോടിയേരി ബാലകൃഷ്ണനും ഒറ്റക്കെട്ടായാണ് അതിനെ പ്രതിരോധിച്ചത്. മകൻ ചെയ്ത തെറ്റിന് പിതാവ് ഉത്തരവാദിത്തമേൽക്കേണ്ട കാര്യമില്ലെന്നാണ് പാർട്ടി വ്യക്തമാക്കിയത്. ‘ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം ശിക്ഷ അനുഭവിക്കണം, മകനെ രക്ഷിക്കാൻ താൻ നിൽക്കില്ല’ തുടങ്ങിയവയായിരുന്നു കോടിയേരിയുടെ വിശദീകരണം.
2015 ല്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിന്‍ഗാമിയായി കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. പിന്നീട് 2018 ല്‍ കോഴിക്കോട് സമ്മേളനവും കോടിയേരി സെക്രട്ടറിയായി തുടരാന്‍ തീരുമാനിച്ചു.