തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ചെന്നിത്തല പരാതി നല്‍കി. മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചെന്നാണ് പരാതി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ശേഷം നാല്, ആറ് തീയതികളില്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചീഫ് സെക്രട്ടറിക്കോ, പബ്‌ളിക് റിലേഷന്‍സ് വകുപ്പിനോ മാത്രമേ സര്‍ക്കാരിന്റെ പുതിയ നയത്തെയോ പരിപാടിയേയോ പറ്റി സംസാരിക്കാവൂ എന്നതാണ് അംഗീകൃത കീഴ്‌വഴക്കം. മുഖ്യമന്ത്രി ഇത് ലംഘിച്ചിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
Read More: പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചത് നാട് തകർക്കാൻ; മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം തുടങ്ങി
മുഖ്യമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തുന്നത് തടയണമെന്ന് ചെന്നിത്തലയുടെ പരാതിയില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ പതിവ് പ്രഖ്യാപനങ്ങളായാലും അത് ചീഫ് സെക്രട്ടറി വഴി മാത്രമേ പ്രഖ്യാപിക്കാവൂയെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, ധർമടത്ത് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡല പര്യടനം തുടരുകയാണ്. കഴിഞ്ഞ ദിവസം ബിജെപിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. കേരളത്തെ നശിപ്പിക്കുക എന്ന സാഡിസ്റ്റ് മനോഭാവമാണ് ബിജെപിക്കും കോൺഗ്രസിനുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വികസനവും ക്ഷേമവും തകർക്കാൻ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. നാടിന്റെ നന്മയാഗ്രഹിക്കുന്നവർക്കൊന്നും ഇത്തരം നിലപാട് സ്വീകരിക്കാനാവില്ല. ഒരു പ്രത്യേക തരം മാനസികാവസ്ഥയാണ് എല്ലാ കാര്യത്തിലും കോൺഗ്രസും യുഡിഎഫും വച്ചുപുലർത്തിയത്. കേരളം നേരിട്ട ദുരന്തങ്ങൾക്ക് ആക്കം കൂട്ടാനാണ് പ്രതിപക്ഷം ശ്രമിച്ചത്. കേരളത്തെ അപമാനിക്കാനുള്ള ബിജെപി പ്രചാരണത്തെ പ്രതിപക്ഷം അനുകൂലിച്ചു.
കേരളം കൊലക്കളം എന്ന് വരുത്തിത്തീർക്കാൻ 2017 ൽ ബിജെപി ശ്രമിച്ചു. കേരളത്തിന്റെ വികസനം തകർക്കാൻ ബിജെപി കണ്ട മാർഗമാണ് കിഫ്ബിക്കെതിരായ നീക്കം. കേന്ദ്ര ഏജൻസികളെ കിഫ്ബിക്കെതിരെ തിരിച്ചുവിട്ടത് ബിജെപിയാണെങ്കിൽ കോൺഗ്രസും ആ നീക്കത്തിന് പിന്തുണ നൽകി കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയായിരുന്നു. പ്രവാസികളെ ഒരുമിപ്പിക്കാനായി തുടങ്ങിയ ലോക കേരളസഭയ്ക്കും ഇവർ എതിരായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.