തിരുവനന്തപുരം: സിപിഎം നേതാവ് പി.ജയരാജനെ മരണദൂതനെന്ന് വിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലാണ് ജയരാജനെതിരെ ചെന്നിത്തല ആരോപണമുന്നയിച്ചത്. താനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനു പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, പ്രതിപക്ഷം തന്നെ വേട്ടയാടുകയാണെന്ന് പി.ജയരാജൻ തുറന്നടിച്ചു.

എത്രകൊന്നാലും രക്തദാഹം തീരാത്ത പാർട്ടിയാണ് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം നേതാവ് പി.ജയരാജന്‍ മരണദൂതനാണെന്നും ചെന്നിത്തല പറഞ്ഞു.

പി.ജയരാജന്‍ താനൂരില്‍ വന്നുപോയശേഷമാണ് കൊലപാതകമുണ്ടായതെന്ന് എം.കെ മുനീര്‍ എംഎൽഎ ആരോപിച്ചു. കേസ് പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്നും എം.കെ മുനീര്‍ നിയമസഭയിൽ ആവശ്യപ്പെട്ടു.

Read Also: ശക്തർ അശക്തരെ വിഴുങ്ങുന്ന കാലം അടുത്തോ?

കേസിൽ മൂന്നുപ്രതികളെ അറസ്റ്റു ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കൊലക്കേസിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നും പിണറായി പറഞ്ഞു. കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സമാധാന അന്തരീക്ഷം വേണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അതേസമയം, പി.ജയരാജനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ല. ജയരാജനെതിരായ പ്രതിപക്ഷ ആരോപണങ്ങൾക്കൊന്നും മുഖ്യമന്ത്രിയോ ഭരണപക്ഷത്തു നിന്നുള്ളവരോ മറുപടി നൽകിയില്ല.


എന്നാൽ ഇസ്ഹാഖ് വധവുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്ന് ജയരാജൻ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. താനൂരിൽ കഴിഞ്ഞ ഒക്ടോബർ 11ന് പോയത് അവിടെ കടലോര മേഖലയിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ കല്യാണമായിരുന്നു. ആ സന്ദർശനം രഹസ്യമായിരുന്നില്ലെന്നും ജയരാജൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.