/indian-express-malayalam/media/media_files/uploads/2019/03/Ramesh-Chennithala.jpg)
തിരുവനന്തപുരം: ഇടതുപക്ഷത്തെ കേരളത്തിലെ ജനങ്ങള്‍ പൂര്‍ണമായും തള്ളി കളഞ്ഞു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐക്യജനാധിപത്യ മുന്നണിയെ പോലും ഞെട്ടിക്കുന്ന രീതിയിലാണ് ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മികച്ച വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറയുന്നതായി ചെന്നിത്തല അറിയിച്ചു.
മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന കാര്യത്തില്‍ പിണറായി വിജയനും നരേന്ദ്ര മോദിയും മത്സരിക്കുകയായിരുന്നു. ദളിത് പിന്നോക്ക വിഭാഗങ്ങളുടെ അവകാശത്തിനായി യുഡിഎഫ് ശക്തമായ നടപടികള്‍ സ്വീകരിക്കും. യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ അതിനുള്ള നിയമനടപടികള്‍ സ്വീകരിക്കും. മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പൊള്ളയായ സംസാരങ്ങളാണ് പിണറായി വിജയനും സര്‍ക്കാരും നടത്തിയിരുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി അവര്‍ ഒന്നും ചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. യുഡിഎഫ് യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ശബരിമല അടക്കമുള്ള വിഷയങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും പ്രതിപക്ഷ നേതാവ് വാഗ്ദാനം നല്‍കി.
Read More: തല മൊട്ടയടിക്കുമെന്ന വെളളാപ്പളളിയുടെ പ്രസ്താവന വോട്ട് കുറച്ചെന്ന് എ.എം ആരിഫ്
അതേസമയം, കേരളാ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളെ കുറിച്ച് യുഡിഎഫ് യോഗത്തിൽ ചർച്ചയായില്ലെന്നാണ് റിപ്പോർട്ട്. ഏതെങ്കിലും ഘടകക്ഷികളിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതൊന്നും മുന്നണിയെ ഒരു തരത്തിലും ബാധിക്കരുതെന്ന് ഇന്ന് ചേർന്ന യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം. അത്തരം പ്രശ്നങ്ങൾ ഏതെങ്കിലും കക്ഷികളിലുണ്ടെങ്കിൽ അത് രമ്യമായി പരിഹരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടതായാണ് യുഡിഎഫ് യോഗത്തിന് ശേഷം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് സംസ്ഥാനത്ത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. രണ്ട് വർഷത്തിന് ശേഷം കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ യുഡിഎഫ് വലിയ പ്രതീക്ഷയിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പരിഗണിക്കുമ്പോൾ 120 ഓളം നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫിന് വ്യക്തമായ ആധിപത്യമാണ് ഉള്ളത്. ഇങ്ങനെയൊരു ആധിപത്യം തുടരാൻ സാധിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ഫലം ലഭിക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതീക്ഷ. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്.
Read More: ‘കൂട്ടക്കൊല ആരോപിക്കപ്പെടാത്ത ഈ മനുഷ്യനെ അഭിനന്ദിക്കാത്തത് സാംസ്കാരിക അപചയം’: ഹരീഷ് പേരടി
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടിയാണ് യുഡിഎഫ് മേൽക്കെെ നേടിയത്. എൽഡിഎഫ് നേട്ടം ഒരു സീറ്റിൽ ഒതുങ്ങി. ബിജെപിക്ക് ഒരു സീറ്റും നേടാൻ സാധിച്ചില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.