കൊച്ചി: നിയമന വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് ഹോൾഡേഴ്സിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് അവർ സമരം ചെയ്യുന്നതെന്നും അവരാരും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി നില്‍ക്കുന്നവരല്ലെന്നും ചെന്നിത്തല പറഞ്ഞു.
“രണ്ട് മാസം മാത്രം ഇനി ആയുസുള്ള സര്‍ക്കാരിനെ ആര് അട്ടിമറിക്കാനാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ ഈ സര്‍ക്കാരിനെ ജനങ്ങള്‍ തന്നെ അട്ടിമറിച്ചോളും.സമരങ്ങളോട് നരേന്ദ്രമോദി കാണിക്കുന്ന അതേ സമീപനം പിണറായി വിജയന്‍ കാണിക്കരുത്. ഇവിടെ സമരജീവികള്‍ ഇല്ല. ജീവിക്കാന്‍ ഒരു തൊഴിലിലിന് വേണ്ടി എല്ലാ വാതിലുകളിലും മുട്ടിയ ശേഷമാണ് റാങ്ക് ഹോള്‍ഡര്‍മാര്‍ ഗത്യന്തരമില്ലാതെ സമരത്തിലേക്ക് തിരിഞ്ഞത്.”
Also Read: ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന ഹർജി; നിലപാടറിയിക്കാൻ ഒരാഴ്‌ച സമയം വേണമെന്ന് സിബിഐ
അനധികൃത നിയമനങ്ങള്‍ നടത്തുന്ന വകുപ്പ് അധ്യക്ഷന്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളില്‍ സ്വകാര്യ ഏജന്‍സികള്‍ മുഖേന ജോലിക്ക് കയറിയവരെയെല്ലാം പിരിച്ചുവിടുകയും വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
രാഷ്ട്രീയ വിരോധം കൊണ്ട് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കെ.എസ്.യുക്കാരും യൂത്ത് കോണ്‍ഗ്രസുകാരുമാണ് എന്നുള്ള ഭാഷ്യം അവസാനിപ്പിക്കണം. മന്ത്രിമാര്‍ നിരന്തരമായി സമരരംഗത്തുളള യുവാക്കളെ ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയുമാണെന്ന് ചെന്നിത്തല ആരോപിച്ചു.