തിരുവനന്തപുരം: പ്രവാസി ലോകത്തോട് സര്‍ക്കാര്‍ ചെയ്യുന്നത് മാന്യതയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രണ്ട് വ്യവസായികളാണ് ആത്മഹത്യ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. പ്രവാസി ലോകത്തോട് സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളില്‍ പ്രതിഷേധിച്ച് ലോക കേരള സഭ വൈസ് ചെയര്‍മാന്‍ സ്ഥാനം താന്‍ രാജിവയ്ക്കുകയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read Also: ‘ഈ പോക്ക് ശരിയല്ല’; അപ്പീലുകള്‍ ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി

പ്രവാസികളുടെ കണ്ണുനീര്‍ തനിക്ക് കാണാന്‍ സാധിക്കില്ലെന്നും അതുകൊണ്ടാണ് ലോക കേരള സഭ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുന്നതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ആന്തൂര്‍ വിഷയം മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിനെ പ്രതിപക്ഷ നേതാവ് കടന്നാക്രമിച്ചത്. പി.കെ.ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് കോടിയേരി വിഷയത്തിലും പ്രതിപക്ഷ നേതാവ് സിപിഎമ്മിനെ വിമര്‍ശിച്ചു. ധാര്‍മികതയുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുകയാണ് വേണ്ടതെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സഭയിലെ 140 എംഎല്‍എമാരും സാജന്‍ പാറയിലിന്റെ ആത്മഹത്യയില്‍ ഉത്തരവാദികളാണെന്ന് കെ.എം.ഷാജി എംഎല്‍എ പറഞ്ഞു. സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയാണ് സാജനെന്നും കെ.എം.ഷാജി പറഞ്ഞു. പി.ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്. ജയരാജനോട് ലോഹ്യം കൂടിയാലും ഇല്ലെങ്കിലും മരണം ഉറപ്പാണ്. ജയരാജനോട് കാര്യം അവതരിപ്പിച്ചതുകൊണ്ടാണ് എം.വി.ഗോവിന്ദന്റെ ഭാര്യയും നഗരസഭാ അധ്യക്ഷയുമായ പി.കെ.ശ്യാമള ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചത്. സിപിഎമ്മിലെ വിഭാഗീയതയാണ് ഇത് കാണിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

Read Also: സുരേന്ദ്രൻ ഹർജി പിൻവലിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന് കോടതി

സാജന്റെ ആത്മഹത്യ ഏറെ വേദനിപ്പിക്കുന്നതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തെറ്റു ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കുള്ള അമിത അധികാരം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. നഗരസഭാ സെക്രട്ടറിമാരുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തും. നഗരസഭാ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്കെതിരായ അപ്പീല്‍ ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കും. കൊച്ചിയിലും കോഴിക്കോടും പുതിയ ട്രൈബ്യൂണല്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി നിയമസഭില്‍ പറഞ്ഞു. സാജന്റെ ആത്മഹത്യയില്‍ നിഷ്പക്ഷ അന്വേഷണം ഉണ്ടാകും. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.