തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് ചർച്ച ചെയ്യപ്പെടാതിരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വർഗീയത ഇളക്കിവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത്, മയക്കുമരുന്ന് കേസുകളിൽ മകൻ കുടുങ്ങുമെന്ന് ഉറപ്പായപ്പോഴാണ് കോടിയേരി വർഗീയത ഇളക്കിവിടാൻ തുടങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു. ജലീൽ വിഷയത്തിൽ സർക്കാർ നാറിപ്പുഴുത്ത് പുറത്താകുമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

പച്ചയ്‌ക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഎം അധപതിച്ചു. ജനങ്ങളെ ഒരുമിച്ച് നിർത്തേണ്ട മുഖ്യമന്ത്രി ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവിനു വഴി തെളിക്കുന്നു. വർഗീയത ഇളക്കിവിട്ട് ബിജെപിയെ സഹായിക്കുകയാണ് കോടിയേരി ഇപ്പോൾ ചെയ്യുന്നത്. സ്വന്തം മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങുമെന്ന് കണ്ടപ്പോൾ കേസ് അട്ടിമറിക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. ഇതെല്ലാം മനസിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്ന് മറക്കരുതെന്ന് ചെന്നിത്തല പറഞ്ഞു. ബിജെപിയെ ശക്തിപ്പെടുത്താനുള്ള വർഗീയ പ്രചരണങ്ങളാണ് സിപിഎം നടത്തുന്നതെന്നും ശബരിമലയിൽ നിന്ന് സിപിഎം പാഠം ഉൾക്കൊണ്ടിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Read Also: രാജിക്കുവേണ്ടിയാണ് സമരമെങ്കിൽ ഒരു കാര്യവുമില്ല; ജലീലിനൊപ്പമെന്ന് കോടിയേരി

സ്വര്‍ണക്കടത്തുകേസില്‍ ജാതികാര്‍ഡ് ഉപയോഗിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും പറഞ്ഞു. ബിജെപിയേക്കാള്‍ വലിയ വര്‍ഗീയതയാണ് സിപിഎം പറയുന്നതെന്നും യുഡിഎഫ് കൺവീനർ ഡൽഹിയിൽ പറഞ്ഞു.

അതേസമയം, സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് കോൺഗ്രസും ബിജെപിയും ചേർന്ന് സംസ്ഥാനത്ത് നടത്തുന്നതെന്ന് കോടിയേരി വിമർശിച്ചിരുന്നു. സർക്കാരിനെതിരായ സമരങ്ങൾക്ക് ജനപിന്തുണയില്ല. പ്രതിഷേധങ്ങൾ ഗൂണ്ടായിസത്തിലേക്കും അക്രമത്തിലേക്കും പോകുകയാണെന്നും കോടിയേരി പറഞ്ഞു.

ആർഎസ്‌എസ് അജണ്ടയ്‌ക്കൊപ്പം ലീഗ് നിലകൊള്ളുകയാണോ എന്ന് കോടിയേരി ചോദിച്ചു. ഖുർആൻ വിതരണം തെറ്റാണെന്ന തരത്തിൽ ആർഎസ്എസും ബിജെപിയും പ്രചാരണം നടത്തുമ്പോൾ ലീഗ് അതിനൊപ്പം ചേരുകയാണോ എന്ന് കോടിയേരി ചോദിച്ചു. ഖുർആൻ നിരോധിച്ച പുസ്തകമോണോ എന്നും ഖുർആൻ കൊടുക്കുന്നത് നിയവിരുദ്ധമാണോ എന്നും കോടിയേരി പത്രസമ്മേളനത്തിലൂടെ ചോദിച്ചു. കോണ്‍ഗ്രസ് ആര്‍എസ്എസ് പ്രചാരണത്തിനൊപ്പം ചേരുന്നത് എന്തിനാണെന്നും കോടിയേരി ആക്ഷേപിച്ചു.

ബിജെപിയല്ല സിപിഎമ്മാണ് ശത്രുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ബാബറി മസ്‌ജിദ് പൊളിച്ച ആർഎസ്എസും ബിജെപിയും ഇപ്പോൾ ലീഗിന്റെ ശത്രുവല്ലെന്നാണോ കുഞ്ഞാലിക്കുട്ടി പറയുന്നതെന്ന് കോടിയേരി ബാലകൃഷ്‌ണൻ ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.