തിരുവനന്തപുരം: ഓഖി ദുരന്തം സംഭവിച്ച് ഒരു വര്‍ഷമായിട്ടും ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സഹായ വാഗ്ദാനങ്ങളൊന്നും നിറവേറ്റിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഒരു ധവള പത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരിത ബാധിതർക്ക് സഹായം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ച 108 കോടി രൂപയില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇന്നലെ വരെ ചിലവഴിക്കാതെ കിടന്നത് 47.73 കോടി രൂപയാണ്. പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് ബോധ്യമായപ്പോഴാണ് ഇന്നലെ 42 കോടി രൂപ ട്രഷറിയിലേക്ക് മാറ്റിയതെന്നും രമേശ് ചെന്നിത്തല.
കേന്ദ്ര ഫണ്ടായി ലഭിച്ച 133 കോടിയില്‍ പകുതി പോലും ചിലവഴിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ച സംഭാവനയല്ലാതെ സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കായി ചിലവഴിച്ച തുകയുടെ കണക്ക് വെളിപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് വീട് വച്ചു നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ ഇതുവരയായിട്ടും പാലിച്ചിട്ടില്ല എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് ദുരന്ത ബാധിതരില്‍ എസ്എസ്എല്‍സി ക്ക് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള ആര്‍ക്കും സര്‍ക്കാര്‍ ജോലിയും നല്‍കിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ദുരന്തത്തെ അതിജീവിച്ചവരില്‍ ജോലി ചെയ്ത് ജീവിക്കാന്‍ സാധിക്കാത്തവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പറഞ്ഞത് എല്ലാവര്‍ക്കും ലഭിച്ചിട്ടില്ല. മാത്രമല്ല രക്ഷപെട്ടവര്‍ക്കുള്ള ബദല്‍ ജീവനോപാധിയായി പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയും ആര്‍ക്കും കിട്ടിയിട്ടില്ല. വള്ളങ്ങളും, ബോട്ടുകളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് തത്തുല്യമായ നഷ്ടപരിഹാര തുക നല്‍കുമെന്ന വാഗ്ദാനത്തില്‍ വെള്ളം ചേര്‍ത്തു. പരമാവധി 12 ലക്ഷം രൂപ നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 30-35 ലക്ഷം രൂപ വിലയുള്ള ബോട്ടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 12 ലക്ഷം രൂപ കൊടുക്കുന്നത് അവരെ കബളിപ്പിക്കുന്നതിന് തുല്യമാണ്.
മാത്രമല്ല ബോട്ടുകളുടെയും, വളളങ്ങളുടെയും കാലപ്പഴക്കം നിശ്ചയിച്ച് നഷ്ടപരിഹാരം നല്‍കാമെന്നുള്ള സര്‍ക്കാര്‍ നിലപാടും മല്‍സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. എഴുപത്തഞ്ച് ലക്ഷം രൂപയുടെ മല്‍സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ട പൂന്തുറയിലെ വില്‍സണ്‍ ശേശയ്യക്ക് ഇന്നേവരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ല.
മരിച്ചവരുടെ കുടംബങ്ങളുടെ കടബാധ്യതകള്‍ ഏറ്റെടുക്കും എന്ന് പറഞ്ഞെങ്കിലും അതിനും നടപടിയൊന്നുമായില്ല. മല്‍സ്യബന്ധനത്തിന് പോയി വരുന്നവരുടെ കണക്കെടുപ്പ് നടത്താന്‍ നിയോഗിച്ച ഇന്‍വിജിലേറ്റര്‍മാര്‍ മല്‍സ്യഭവന്‍ ഓഫീസുകളില്‍ ഒരു പണിയുമില്ലാതെ കുത്തിയിരിക്കുകയാണ്.
മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ‘നാവിക്’ ഉപകരണവും, സുരക്ഷാ ഉപകരണങ്ങളും നല്‍കുമെന്ന് പറഞ്ഞതും നടപ്പിലായില്ല. വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം ആകട്ടെ രണ്ടാഴ്ചയായിമാത്രമെ കൊടുക്കാന്‍ തുടങ്ങിയിട്ടുള്ളു. മാത്രമല്ല അര്‍ഹതപ്പെട്ടവര്‍ക്ക് ഇനിയും അത് ലഭിച്ചിട്ടുമില്ല. ഓഖി ദുരന്തം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും സഹായം വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുള്‍പ്പെടെയുള്ള ദുരന്ത ബാധിതരോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.