തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പനയ്ക്കായുള്ള ബെവ് ക്യൂ ആപ്പിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാറുകളിൽ നിന്നുള്ള ഓരോ ടോക്കണിനും ആപ്പ് ഡെവലപ്പ് ചെയ്ത ഫെയർകോഡ് കമ്പനിക്ക് അൻപത് പൈസ വീതം കിട്ടുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

ഓൺലൈൻ മദ്യവിൽപനയിൽ ഓരോ ടോക്കണും 50 പൈസ ബെവ്കോയ്ക്ക് ആണെന്ന് പറയുന്ന സർക്കാർ വാദം കളവാണെന്നു പറഞ്ഞ ചെന്നിത്തല ഇതു സംബന്ധിച്ച തെളിവുകളും പുറത്തുവിട്ടു. ബാറുടമകള്‍ സര്‍ക്കാരിന് നല്‍കിയ ധാരണപത്രമാണ് ചെന്നിത്തല പുറത്തുവിട്ടിരിക്കുന്നത്.

Read More: പിന്‍കോഡില്ലാതെയും ബെവ് ക്യു ടോക്കണ്‍ എടുക്കാനുള്ള സൗകര്യം വരുന്നു

“ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ ടോക്കണ്‍ ചാര്‍ജ് ആപ്പ് നിര്‍മ്മാതാക്കള്‍ക്കാണ് ലഭിക്കുക. ടോക്കണ്‍ നിരക്ക് ബെവ്‌കോയ്ക്ക് എന്ന് സര്‍ക്കാര്‍ പറഞ്ഞത് കളവാണ്. ബാറുകളില്‍ വില്‍ക്കുന്ന ഓരോ ടോക്കണില്‍ നിന്നും 50 പൈസ വീതം ബാറുടമകള്‍ ഫെയര്‍ കോഡിന് നല്‍കണം. ഈ ഘട്ടത്തിൽ ഫെയർകോഡ് കമ്പനിയെ ഓൺലൈൻ മദ്യവിൽപനയ്ക്ക് തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങൾ സർക്കാർ പുറത്തുവിടണം,” രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ടോക്കണ്‍ ചാര്‍ജ് ബെവ്‌കോയ്ക്ക് ആണ് ലഭിക്കുകയെന്ന് നേരത്തെ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

അതേസമയം, ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെ ഏതാനും ദിവസങ്ങളായുള്ള അനിശ്ചിതത്വത്തിനു അവസാനമായിരിക്കുകയാണ്. നാളെയൊ മറ്റന്നാളോ മദ്യവിൽപ്പന തുടങ്ങിയേക്കും. ഗൂഗിളിന്റെ അനുമതി ലഭിച്ചെങ്കിലും രണ്ട് കടമ്പകളാണ് ഇനി ആപ്പിന് മുന്നിലുള്ളത്. ഉപഭോക്താക്കളുടെ വിവരം ചോർന്നു പോകാതിരിക്കാനായുള്ള ഹാക്കിങ് ടെസ്റ്റും ഒരേ സമയം ലക്ഷകണക്കിന് ആളുകൾ പ്രവേശിക്കുമ്പോൾ ആപ്പ് ഹാങ്ങാകാതിരിക്കാനുള്ള ലോഡിങ് ടെസ്റ്റും നടത്തണം. ഇതു രണ്ടും ഒരേസമയം നടത്താൻ സാധിക്കുമെന്നാണ് ഫെയർകോഡ് ടെക്നോളജിസ് അറിയിച്ചിട്ടുള്ളത്. ഇത് രണ്ടും പൂർത്തിയാക്കി ഇന്ന് ഉച്ചകഴിയുന്നതോടെ ആപ്പ് പ്ലേ സ്റ്റോറിൽ എത്തും.

Read Also: ബവ് ക്യു ഒരു ടോക്കണ് 50 പൈസ ഈടാക്കുമോ? കമ്പനിക്ക് പറയാനുള്ളത്‌

ഉപഭോക്താക്കള്‍ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌ത് ഫോണ്‍ നമ്പറിന്റെ സഹായത്തോടെ റജിസ്റ്റര്‍ ചെയ്യണം. ഏത് സ്ഥലത്തുനിന്നാണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തിരഞ്ഞെടുക്കാം. തുടർന്ന് മദ്യം വാങ്ങാനുള്ള സമയം തിരഞ്ഞെടുക്കണം. റജിസ്റ്റർ ചെയ്‌തിരിക്കുന്ന സമയത്ത് തുറന്നിരിക്കുന്ന മദ്യവിതരണ ശാലകളുടെ വിവരം ഫോണിൽ അറിയാം. ഇതില്‍ ഇഷ്ടമുള്ള ഔട്ട്‌ലെറ്റ് തിര‍ഞ്ഞെടുക്കുന്നതോടെ ടോക്കണോ ക്യൂആര്‍ കോഡോ ലഭിക്കും. റജിസ്റ്റർ ചെയ്യുന്ന സമയത്ത് ലഭിക്കുന്ന ടോക്കണുമായി മദ്യവിതരണശാലയിലെത്തണം. ടോക്കണിൽ അനുവദിച്ച സമയത്ത് മാത്രമേ എത്താവൂ. ഇഷ്‌ടമുള്ള ബ്രാൻഡ് പണം നൽകി വാങ്ങാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.