തിരുവനന്തപുരം: ധാര്‍മികതയെക്കുറിച്ച് എന്നും പുരപ്പുറത്ത് കയറി നിന്ന് വലിയ വായില്‍ പ്രസംഗിക്കാറുള്ള ഇടതു മുന്നണിയുടെ യഥാര്‍ത്ഥ മുഖമാണ് എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിലൂടെ പുറത്ത് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കോടതിയില്‍ നടന്നത് ഒത്തുതീര്‍പ്പു നാടകമാണ്. അത് കൊണ്ട് തെറ്റ് തെറ്റല്ലാതാകുന്നില്ല. ശശീന്ദ്രന്റെ സംഭാഷണം എല്ലാവരും കേട്ടതാണ്. അന്ന് സംഭാഷണം ടെലിവിഷന്‍ ചാനല്‍ പുറത്തു കൊണ്ടു വന്നപ്പോള്‍ സംഭാഷണം തന്റേതല്ല എന്ന് ശശീന്ദ്രന്‍ നിഷേധിച്ചിരുന്നില്ല. മറിച്ച് കയ്യോടെ രാജി വയ്ക്കുകയായിരുന്നു ചെയ്തത്. കുറ്റബോധം ഉണ്ടായിരുന്നതിനാലാണ് ഉടനടി അദ്ദേഹം രാജിവച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഫോൺകെണി വിവാദത്തിൽ പെട്ട് 2017 മാർച്ചിലാണ് ശശീന്ദ്രൻ ഗതാഗത മന്ത്രിസ്ഥാനം രാജിവച്ചത്. മന്ത്രി ഒരു സ്ത്രീയുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ് പുറത്തുവിട്ടതോടെയാണ് വിവാദം ആരംഭിച്ചത്. വിവാദത്തെ തുടർന്ന് മന്ത്രി രാജിവെയ്ക്കുകയും കേസ് ആവുകയും ചെയ്തിരുന്നു. ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഏകാംഗ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു.
കമ്മീഷൻ റിപ്പോർട്ടിലും ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നു. കോടതിയിലെത്തിയ കേസിൽ പരാതിക്കാരി ഈ മാസം മൊഴി മാറ്റിപറഞ്ഞിരുന്നു. തന്നോട് ശശീന്ദ്രൻ മോശമായി പെരുമാറിയിട്ടില്ലെന്നും ഫോണിൽ സംസാരിച്ചത് ശശീന്ദ്രനാണോ എന്ന് അറിയില്ലെന്നും മൊഴി നൽകി. തെളിവകളില്ലാത്ത സാഹചര്യത്തിൽ കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കുകയായിരുന്നു.

ശശീന്ദ്രന് ശേഷം മന്ത്രിയായ തോമസ് ചാണ്ടിക്കും കായൽ നിലം നികത്തൽ ആരോപണത്തെ തുടർന്ന് രാജിവെയ്ക്കേണ്ടി വന്നിരുന്നു. നിലവിൽ എൻ സി പിക്ക് മന്ത്രിസഭയിൽ അംഗത്വമില്ല. കേസിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ ശശീന്ദ്രനെ മന്ത്രിയാക്കാനുളള ആലോചനകൾ എൻ സി പിയിലും ഇടതുമുന്നണിയിലും നടക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ